Kerala

മാതൃകയായി കള്ളന്‍…മോഷണത്തിന് ശേഷം കടയുടമയെ വിളിച്ച് പറഞ്ഞു, ‘നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ…’

മലപ്പുറം: കടയില്‍ കയറി മോഷണം നടത്തിയ കള്ളന്‍ ഉടമയെ ഫോണില്‍ വിളിച്ച് കടയടക്കാന്‍ പറഞ്ഞു. മോഷണത്തിന് ശേഷം കട പഴയത് പോലെ അടക്കാന്‍ സാധിക്കാതിരുന്നതിനാലാണ് വഴിപോക്കനെ പോലെ കടയുടമയെ വിളിച്ച് കാര്യം പറഞ്ഞത്. കടയടച്ച് ആരുമറിയാതെ മുങ്ങാമെന്ന് കരുതിയിരുന്നെങ്കിലും തുറന്നതുപോലെ എളുപ്പത്തില്‍ വാതിലടയ്ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാള്‍ കടയില്‍ എഴുതിവെച്ച നമ്പറില്‍ ഒന്നുമറിയാത്ത പോലെ ‘നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ…’യെന്ന് വിളിച്ചറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കടയിലെത്തി പരിശോധിച്ച കടയുടമ 12,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ കടയില്‍ നിന്നും മോഷണം പോയതായി കണ്ടെത്തി. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കടയുടമ ശരിക്കും ഞെട്ടിയത്. തന്നെ ഫോണ്‍ ചെയ്ത ആള്‍ തന്നെയാണ് കടയില്‍ മോഷണം നടത്തിയത് എന്ന് അപ്പോഴാണ് കടയുടമയ്ക്ക് മനസിലായത്.

കള്ളന്‍ തന്റെ ഒരു പരിചയക്കാരനോടൊപ്പമാണ് മോഷണം ആസൂത്രണം ചെയ്തത്. പിടിക്കപ്പെട്ടാല്‍ കുറ്റം ഏറ്റെടുക്കാന്‍ കള്ളന്‍ പരിചയക്കാരനോട് ആവശ്യപ്പെടുകയും അതിന് പാരിദോഷികമായി 2000 രൂപ നല്‍കാം എന്ന് പറയുകയും ചെയ്തിരുന്നു. ഇങ്ങനെ തനിക്ക് രക്ഷപ്പെടാം എന്നാണ് കള്ളന്‍ കരുതിയിരുന്നത്.

താന്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അതിനു വേണ്ടിയാണ് മോഷണം നടത്തുന്നതെന്നും പണത്തിന് ആവശ്യം വരുമ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രം മോഷ്ടിക്കുന്നതാണ് തന്റെ രീതിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതേ കടയില്‍ തന്നെ മുന്‍പ് രണ്ടുതവണ താന്‍ മോഷണം നടത്തിയിരുന്നെന്നും മോഷണം നടത്തിയ ശേഷം വാതില്‍ പൂട്ടി പോരുകയാണ് ചെയ്തിരുന്നതെന്നും കള്ളന്‍ പറഞ്ഞു. മോഷ്ടിച്ച മൂന്ന് ഫോണിന്റെയും പണം നല്‍കാമെന്ന ധാരണയില്‍ കടയുടമ പരാതി പിന്‍വലിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top