ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മ മകളെ 1 ലക്ഷം രൂപക്ക് മനുഷ്യക്കടത്തുകാര്‍ക്ക് വിറ്റു. 15 കാരി രക്ഷപ്പെട്ട് വനിതാ കമ്മീഷനില്‍ അഭയം തേടി. തന്റെ 1 വയസുകാരനായ സഹോദരനെയും വിറ്റതായി പെണ്‍കുട്ടി പറഞ്ഞു. ഡല്‍ഹിയിലെ ഭവാനയിലാണ് സംഭവം.
കഴിഞ്ഞ ആഴ്ച തന്റെ കൂടെ ബദര്‍പൂരിലെ സഹോദരിയുടെ വീട്ടിലേക്ക് വരാന്‍ മാതാവ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. മറ്റൊരാള്‍ വന്ന് വീട്ടിലേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞ ശേഷം പെണ്‍കുട്ടിയുടെ അമ്മ ഇവിടെനിന്ന് മുങ്ങി.
പിന്നീട് വന്നയാള്‍ പെണ്‍കുട്ടിയെ മറ്റൊരു വീട്ടിലാണ് എത്തിച്ചത്. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ പെണ്‍കുട്ടിയോട് വിവാഹവസ്ത്രം അണിയാനും തയാറായി നില്‍ക്കാനും ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപക്ക് പെണ്‍കുട്ടിയെ വിറ്റതാണെന്നും ഇവര്‍ അറിയിച്ചു.