കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രാദേശിക തലത്തിലുള്ള വൈര്യത്തെ തുടര്‍ന്ന് നടന്ന കൊലപാതകമാണിതെന്നും ഏതെങ്കിലും നേതാക്കള്‍ക്കൊപ്പം പ്രതികള്‍ നില്ക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് കൈമാറിയത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.
2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബിനെ കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.