മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. മംഗളൂരു നേത്രാവതി പാലത്തില്‍ വച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്.
ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗളൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി. ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്ക് താഴ്ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീന്പിടിത്തക്കാരന് പോലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായതിന് 2 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കണ്ടെടുത്ത കത്ത് സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് മംഗളൂരു പോലീസ് അറിയിച്ചു. കയ്യക്ഷരം സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് സിദ്ധാര്‍ത്ഥയുടെ കുടുംബവും പറഞ്ഞു.