ഭോപാല്‍: മധ്യപ്രദേശില്‍ ഡിറ്റര്‍ജെന്റും ഓയിലും പെയിന്റും ഉപയോഗിച്ച് വ്യാജ പാല് നിര്‍മിക്കുന്ന മൂന്ന് ഫാക്ടറികള്‍ റെയ്ഡിനെ തുടര്‍ന്ന് അടച്ചുപൂട്ടി. സംഭവത്തില്‍ 57 പേരെ അറസ്റ്റ് ചെയ്തു. 6 സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് വന്‍ തോതില്‍ പാല് വിതരണം ചെയ്തിരുന്നു.
ഗ്വാളിയോര്‍-ചമ്ബല്‍ മേഖലയില്‍ സ്പെഷല്‍ ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് വിഷാംശമുള്ള പാല് കണ്ടെത്തിയത്. 30 ശതമാനം യഥാര്‍ഥ പാലില്‍ 70 ശതമാനം ഡിറ്റര്‍ജെന്റ്, ഓയില്‍, വെള്ള പെയിന്റ് എന്നിവ കലര്‍ത്തിയാണ് വ്യാജ പാല് നിര്‍മിച്ചിരുന്നത്. മധ്യപ്രദേശ് കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് പാല് വിതരണം ചെയ്തിട്ടുണ്ട്. പതിനായിരം ലിറ്റര്‍ വ്യാജ പാലും 500 കിലോയിലേറെ പാല്‍ക്കട്ടിയും 200 കിലോ കൃത്രിമ പനീറും പിടിച്ചെടുത്തതായി സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറിയിച്ചു.
ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയാണ് ഇവിടെ വ്യാജ പാല് നിര്‍മിക്കുന്നതെന്നും ഇവരെ ഉടന്‍ കണ്ടെത്തി നടപടിയെടുക്കുമെന്നും സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറിയിച്ചു.