കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാറിന്റെ മരണത്തിന് കാരണം ക്രൂരമായ മര്‍ദ്ദനമേറ്റതെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രാകൃതമായ രീതിയിലാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചത്. കുറ്റസമ്മതമൊഴി കിട്ടാന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു. ഇരുകാലുകളും ബലം പ്രയോഗിച്ച് പുറകിലേക്ക് വിടര്‍ത്തി പരിക്കേല്പിച്ചു. കാല്‍വെള്ളയില്‍ ബലമുള്ള ദണ്ഡ് വെച്ച് അതിശക്തമായി പ്രഹരിച്ചു. ഇതേത്തുടര്‍ന്ന് ദേഹത്ത് പലയിടത്തും മുറിവുകളുണ്ടായി. ആഴത്തിലുള്ള ചതവുകളും ഗുരുതരമായ പരിക്കുകളുമുണ്ടായി.
അറസ്റ്റ് രേഖപ്പെടുത്താതെ പ്രതിയെ പോലീസുകാര്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ, ഇരിക്കാനോ, കാലുകള്‍ അനക്കാനോ പറ്റാത്ത വിധം അവശനായപ്പോഴാണ് പ്രതിയെ 15-ാം തീയതി രാത്രി ഒമ്പതരയ്ക്ക് തെറ്റായ നടപടികളിലൂടെ, അറസ്റ്റ് രേഖപ്പെടുത്തുന്നത്. അന്ന് തന്നെ രാത്രി 12 മണിയോടെ രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് രാജ്കുമാറിനെ 16-ാം തീയതി, രാത്രി 9.30-യോടെയാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ രാജ്കുമാറിനെ പിന്നീട് റിമാന്‍ഡ് ചെയ്യുകയും പീരുമേട് സബ്ജയിലിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
17-ാം തീയതി മുതല്‍ ജയിലിലായിരുന്ന രാജ്കുമാര് പരിക്കുകള്‍ മൂലം അവശനായി . 17 മതുല്‍ എല്ലാ ദിവസവും രാജ്കുമാറിനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ കഠിനമായ പരിക്കുകളേറ്റ രാജ്കുമാറിന്റെ നില വഷളാവുകയായിരുന്നു. കാല്‍തുടയിലും, കാല്‍വെള്ളയിലും ആഴത്തില്‍ ചതവുണ്ടായി. ശരീരത്തിനകത്ത് കടുത്ത പരിക്കുകളുണ്ടായ രാജ്കുമാറിന് ന്യൂമോണിയ ഉണ്ടായി. ഇതാണ് മരണത്തിനിടയാക്കിയതെന്നും, ഇതിന് കാരണം സ്റ്റേഷനിലെ ക്രൂരമര്‍ദ്ദനമാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)