പാൻമംജോം, കൊറിയ:ദക്ഷിണ – ഉത്തര കൊറിയകളെ വേർതിരിക്കുന്ന സൈനിക വിമുക്ത മേഖലയിൽ ചരിത്രമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ അധികാരി കിം ജോങ് ഉന്നും തമ്മിൽ കൂടിക്കാഴ്ച നടത്തുകയാണ്. അധികാരത്തിലിരിക്കെ ഉത്തര കൊറിയ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ് കൂടിയായി ഡോണൾഡ് ട്രംപ്.
ഇരു ഭരണാധികാരികളും തമ്മിൽ ഈ വർഷം മാത്രം ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ആണവ നിരായുധീകരണം സംബന്ധിച്ചുള്ള ചർച്ചകളിൽ കാര്യമായ പുരോഗതികളുണ്ടായിട്ടില്ലെങ്കിലും ഇരു രാജ്യത്തലവൻമാരും തമ്മിൽ നേരിട്ട് കാണാനും ഹസ്തദാനം നടത്താനും തയ്യാറായെന്നത് ശ്രദ്ധേയമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.