കറുകച്ചാല്‍: ആണ്‍കുട്ടിയും പെണ്‍കുട്ടിയും ബസില്‍ ഒന്നിച്ചിരുന്ന് യാത്ര ചെയ്യുന്നതു കണ്ട് മദ്യലഹരിയില്‍ സദാചാരഗുണ്ടായിസം കാട്ടിയ ആള് കുടുങ്ങി. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ബസില്‍ അനാശാസ്യം നടത്തുകയാണെന്നാരോപിച്ച് ബഹളം വെച്ച മുണ്ടക്കയം സ്വദേശി പുത്തന്‍പുരയ്ക്കല്‍ മുരുകനെതിരെയാണ് പരാതിയുമായി എത്തിയപ്പോള്‍ പോലീസ് കേസെടുത്തത്.
ചങ്ങനാശേരിയില്‍ നിന്നു കുമളിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ വ്യാഴാഴ്ച വൈകിട്ട് 5.30നാണു സംഭവം. ചങ്ങനാശേരിയില്‍ നിന്നു കയറിയ കോളേജ് വിദ്യാര്‍ഥിനിയും യുവാവും ബസിന്റെ പിന്‍സീറ്റില്‍ ഒന്നിച്ചിരുന്നതാണ് മുരുകനെ പ്രകോപിപ്പിച്ചത്. ഇവര്‍ അനാശാസ്യം നടത്തുകയാണെന്ന് ആരോപിച്ച് ഇയാള്‍ ബഹളംവച്ചു. പോലീസില്‍ അറിയിച്ച് കേസെടുക്കണമെന്നായി ആവശ്യം. ബസ് കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തിച്ചു. പോലീസ് ഇരുവരെയും പരാതിക്കാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ബന്ധുവാണെന്ന് അറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും പോയതോടെ സ്റ്റേഷനില്‍ ബഹളം വച്ച പരാതിക്കാരന് മദ്യലഹരിയിലാണെന്നു കണ്ടതോടെ പോലീസ് കേസെടുത്തു.