ന്യൂഡല്‍ഹി: അയോധ്യ ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതി ജനുവരി 10 മുതല്‍ വാദം കേള്‍ക്കും. ഭൂമിതര്‍ക്ക കേസിലാണ് വാദം കേള്‍ക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് തീയതി പ്രഖ്യാപിച്ചത്. അതേസമയം ഏത് ബെഞ്ച് വാദം കേള്‍ക്കണമെന്നത് 10 ന് മുമ്പ് തീരുമാനിക്കും.
തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് 15 ഹര്‍ജികളാണ് സുപ്രീം കോടതിയിയ്ക്ക് മുന്നിലെത്തിയത്. അയോദ്ധ്യയിലെ 2.27ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും നിര്‍മ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നല്‍കണമെന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് അപ്പീലുകള്‍ സുപ്രീം കോടതിയ്ക്ക് മുന്നിലെത്തിയത്. ഇതിന് പുറമെ അയോധ്യയിലെ തര്‍ക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയും കോടതിയ്ക്ക് മുന്നിലുണ്ട്.