നാളെ പുറത്ത് വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്നില്‍ കണ്ട് നിക്ഷേപകര്‍ വിട്ടുനിന്നതോടെ ഓഹരി വിപണി വന്‍തോതില്‍ ഇടിഞ്ഞു. ഇടിവ് 2 ശതമാനമായി നിലനിന്നതോടെ സെന്‍സെക്സ് കൂപ്പുകുത്തി. 713 പോയിന്റ് നഷ്ടത്തില്‍ 34959ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 205 പോയിന്റ് ഇടിവോടെ 10488ലാണ് വ്യാപാരമവസാനിച്ചത്. ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഊര്‍ജം, ബാങ്കിങ് ഓഹരികളുടെ തകര്‍ച്ചയാണ് വിപണിക്ക് തിരിച്ചടിയായത്.
നിഫ്റ്റിയിലെ 50 ഓഹരികളില്‍ 44 എണ്ണവും നഷ്ടത്തിലായിരുന്നു. കൊട്ടക് മഹീന്ദ്ര, ഇന്ത്യ ബൂള്‍സ് ഹൗസിങ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാ ടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ വന്‍ ഇടിവ് രേഖപ്പെടുത്തി.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പുറമെ യുഎസ്, ചൈന വ്യാപാര കരാര്‍ പ്രശ്നങ്ങളും ഇന്ന് വിപണിക്ക് കൂനിന്മേല് കുരുവായി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായാല്‍ കൂടുതല്‍ സാങ്കേതിക തിരുത്തലിന് നാളെ വിപണി വിധേയമാവുമെന്ന് ഓഹരി വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 59 പൈസ നഷ്ടത്തില്‍ 71.40 രൂപ എന്ന നിലയിലെത്തിയതും വിപണി ശ്രദ്ധാപൂര്‍വ്വമാണ് നോക്കികാണുന്നത്. ബാരലിന് 62 ഡോളറായി ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചതും വിപണിക്ക് തിരിച്ചടിയാകും.