റിസര്‍വ് ബാങ്കിന്റെ മോണിറ്ററി നയത്തില്‍ റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്ന പ്രഖ്യാപനം ഓഹരി വിപണിയെ തുണച്ചില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന പ്രഖ്യാപനം വ്യാപാരമവസാനിക്കുന്നതിന് തൊട്ടുമുമ്പ് വന്നെങ്കിലും ഓഹരി വിപണിയില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല.
സെന്‍സെക്സ് 249.90 പോയിന്റ് ഇടിഞ്ഞ് 35884.41 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 80.29 പോയിന്റ് കുറഞ്ഞ് 10789 ലാണ് വ്യാപാരമവസാനിച്ചത്.
നിഫ്റ്റിയില്‍ സണ്ഫാര്മ്മയുടെ ഓഹരി വില 6.72 ശതമാനം ഇടിഞ്ഞു. ഹിന്‍ഡാല്‍കോ, ഇന്ത്യ ബൂള്‍സ് ഹൗസിങ് ഫിനാന്‍സ്, വേദാന്ത, ടാറ്റാ മോട്ടോഴ്സ് എന്നീ ഓഹരികളും വിലത്തകര്ച്ചയിലായിരുന്നു.
സെന്‍സെക്സിലെ മൊത്തം 30 ഓഹരികളില്‍ 24 എണ്ണവും വിലക്കുറവിന്റെ പാതയിലായിരുന്നു. ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ നിക്ഷേപകര്‍ വേണ്ടത്ര ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കാത്തതിനാല്‍ ഏഷ്യന്‍ വിപണിയും ഇന്ന് മാന്ദ്യത്തിലായിരുന്നു.
ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ക്ക് വിലയിടിഞ്ഞതോടെ മെറ്റല്‍ സൂചികയില്‍ 3.7 ശതമാനം ഇടിവ് നേരിട്ടു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബിജെപി ചില സംസ്ഥാനങ്ങളില്‍ പിന്നോട്ട് പോകുമെന്ന പോള്‍ ഫലങ്ങളും ഭാവിയില്‍ വിപണിയെ സ്വാധീനിക്കും.