കോളേജ് അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവന്ന കവിതയുടെ പേരിലുള്ള വിവാദത്തില്‍ എഴുത്തുകാരിയും കേരളവര്‍മ കോളേജിലെ മലയാളം അധ്യാപികയുമായ ദീപാ നിശാന്ത് കവി കലേഷിനോട് ക്ഷമ ചോദിച്ചു. ദീപയുടെ പേരില്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ‘അങ്ങനെയിരിക്കെ’ എന്ന കവിത എസ്. കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ’ എന്ന കവിതയുടെ പകര്‍പ്പാണെന്നായിരുന്നു ആരോപണം.
വെള്ളിയാഴ്ച രാത്രിയിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ദീപ ക്ഷമ ചോദിച്ചത്. തന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും താന്‍ ഉത്തരവാദിയായതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ക്ഷമചോദിക്കുന്നെന്നും ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നതായും അവര്‍ പോസ്റ്റില്‍ കുറിച്ചു.
2011 മാര്‍ച്ച് നാലിന് കലേഷ് ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കവിത പിന്നീട് ഒരു വാരികയിലും ‘ശബ്ദമഹാസമുദ്രം’ എന്ന സമാഹാരത്തിലും അച്ചടിച്ചുവന്നിരുന്നു. തന്റെ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ ചിലയിടത്ത് അതേപടിയും മറ്റുചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതില്‍ വിഷമമുണ്ടെന്ന് കലേഷ് കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരുന്നു.
നവമാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ദീപയ്ക്കെതിരെ ഈ വിഷയത്തില്‍ ഉയര്‍ന്നത്.