മെല്‍ബണ്‍: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിരുന്നു. ഇടക്ക് പെയ്ത മഴമൂലം ഡക്വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് ഇന്ത്യയുടെ ലക്ഷ്യം ആദ്യം 19 ഓവറില്‍ 137 റണ്‍സായും വീണ്ടും മഴ എത്തിയതോടെ വിജലക്ഷ്യ 11 ഓവറില്‍ 90 റണ്‍സായും പുനര്‍ നിര്‍ണയിച്ചെങ്കിലും മഴ മാറാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയില്‍ ഒപ്പമെത്താനുള്ള ഇന്ത്യയുടെ അവസരമാണ് ഇതോടെ നഷ്ടമായത്.
ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ടി ട്വന്റിയിലെ അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. അതേസമയം പരിക്കേറ്റ ബില്ലി സ്റ്റാന്‍ലേക്കിന് പകരം നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ ഓസീസ് ടീമില്‍ ഇടം നേടി.
ആദ്യ മത്സരത്തില്‍ ഡക്ക്വര്‍ത്ത് യൂയിസ് നിയമം വില്ലനായപ്പോള്‍ ഇന്ത്യ നാലു റണ്‍സിന് പരാജയപ്പെട്ടിരുന്നു.