കുട്ടികളുടെ ക്ലാസിക് നോവലാണ് ജംഗിള്‍ ബുക്ക്. മൗഗ്ലിയും ബഗീരയും ഷേര്‍ഖാനും കായുമൊക്കെ കുട്ടിക്കാലത്തിന്റെ കാല്പ്പനികതകളില് നിറഞ്ഞു നില്ക്കുന്നവയാണ്. 1964ല്‍ ബ്രിട്ടീഷ് കഥാകാരന് ജോസഫ് റുഡ്യാര്‍ഡ് കിപ്ലിങ് രചിച്ച ജംഗിള്‍ ബുക്ക് തലമുറകള്‍ കടന്നും ഇന്നും ആസ്വാദകരെ വിസ്മയിപ്പിക്കുന്നു.
കാലം മാറിയപ്പോള്‍ മൗഗ്ലിക്കും പുനരവതാരങ്ങള്‍ ഏറെ വേണ്ടി വന്നു. നിരവധി ഹോളിവുഡ് ചിത്രങ്ങളാണ് മൗഗ്ലിയെ മുഖ്യകഥാപാത്രമായി പുറത്തിറങ്ങിയിരിക്കുന്നത്.
എന്നാലിപ്പോള്‍ ഏറ്റവും പുതിയ മൗഗ്ലിക്കഥയുമായി വരുന്നത് പ്രേക്ഷക പ്രീതി നേടിയ ഉന്നത നിലവാരമുള്ള നിരവധി കഥാചിത്രങ്ങള്‍ ഒരുക്കുന്ന അമേരിക്കന്‍ കമ്പനിയായ നെറ്റ്ഫ്ലിക്സ് ആണ്. കൊടുങ്കാട്ടില്‍ വന്യമൃഗങ്ങള്‍ വളര്‍ത്തിയ മനുഷ്യക്കുട്ടിയുടെ അതിജീവനകഥയുടെ പുത്തന്ഭാഷ്യമാണ് നെറ്റ്ഫ്ലിക്സിന്റെ മൗഗ്ലി ലജന്റ് ഓഫ് ജംഗിള്‍ പറയുക. ഇന്റര്‍നെറ്റ് വഴിയായിരിക്കും പ്രദര്‍ശനം.
പ്രശസ്ത നടന് ആന്‍ഡി സെര്‍കിസ് ആണ് സിനിമ സംവിധാനം ചെയ്തത്. ഇന്ത്യന്‍ അമേരിക്കന്‍ ബാലതാരം രോഹന് ചന്ദ് ആണ് മൗഗ്ലിയായി എത്തുന്നത്. മൗഗ്ലിയുടെ വളര്‍ത്തമ്മ മെസ്സുവ ആയി ഫ്രിദ പിന്റോ അഭിനയിക്കുന്നു. ഇംഗ്ലീഷ് പതിപ്പില്‍ ഹോളിവുഡ് താരങ്ങളാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിനും പ്രത്യേകതകളുണ്ട്. ഇന്ത്യന്‍ മൗഗ്ലിയില്‍ ശബ്ദം നല്‍കുന്നത് ബോളിവുഡിലെ സുപ്പര്സ്റ്റാറുകളാണ്. അഭിഷേക് ബച്ചനാണ് ബഗീര എന്ന കരിമ്പുലിക്ക് ശബ്ദം നല്‍കുന്നത്. കാ എന്ന പെരുമ്പാമ്പിന്റെ വശ്യമായ ശബ്ദം നല്‍കുന്നത് കരീന കപൂര്‍. ബല്ലു എന്ന കരടിക്ക് അനില്‍ കപൂറും നിഷ എന്ന അമ്മ ചെന്നായയ്ക്ക് മധുരി ദീക്ഷിതും ഷേര്ഖാന് കടുവയ്ക്ക് ജാക്കി ഷെറോഫും ശബ്ദം നല്‍കും. തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലും മൗഗ്ലി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി അത് ചലച്ചിത്രവേദികളിലെ പ്രമുഖരെയാണ് നെറ്റ്ഫ്ലിക്സ് തേടുന്നത്.
സിനിമ ഡിസംബറില്‍ നെറ്റ്ഫ്ലിക്സ് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ആദ്യ പ്രദര്‍ശനം ഈ മാസം 25ന് മുംബൈയില്‍ നടക്കും. ഇത് ആദ്യമായാണ് ഒരു പ്രമുഖ ഹോളിവുഡ് സംരംഭത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് ഇന്ത്യ വേദിയാകുന്നത്.
മൗഗ്ലിയുടെ കഥ ചലച്ചിത്രമാക്കാനുള്ള അവകാശം ഹോളിവുഡ് നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്സില്‍നിന്നും വന്‍തുകയ്ക്കാണ് നെറ്റ്ഫ്ളിക്സ് കരസ്ഥമാക്കിയത്.