പുന്നമടക്കായലില്‍ നാളെ ജലരാജാക്കന്മാരുടെ പോരാട്ടം. പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച ജലമേള ഉച്ചയ്ക്ക് രണ്ടിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. മലയാളി ആരാധകര്‍ക്ക് പ്രിയപ്പെട്ട തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്ജുന് മുഖ്യാതിഥിയായി എത്തുന്നത് മേളയ്ക്ക് മാറ്റുകൂട്ടും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ എന്നിവരും മുഖ്യാതിഥികളായി എത്തുന്നുണ്ട്. അല്ലു അര്‍ജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയുമെത്തും. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാകും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ജലമേളയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നുവെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. 25 ചുണ്ടന് വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് ഇക്കുറി ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആധുനിക സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.