ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് ഇന്ന് കിക്കോഫ്. രാത്രി 7.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടും.
ഡേവിഡ് ജയിംസ് പരിശീലിപ്പിച്ചെടുത്ത ബ്ലാസ്റ്റേര്‍സിന്റെ യുവനിര സ്റ്റീവ് കോപ്പലിന്റെ കൊല്‍ക്കത്തയെ വീഴുത്തുമോ എന്ന് ഇന്ന് മൈതാനത്ത് കണ്ടറിയാം.
മധ്യനിരക്ക് പ്രാധാന്യം നല്‍കിയാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേര്‍സ് ടീമിനെ തയ്യാറാക്കിയത്. സി.കെ വിനീതിനൊപ്പം പുതുമുഖങ്ങളായ പോപ്ലാറ്റ്നിക്കും സ്ലാവിസ്ല സ്റ്റൊജനോവിച്ചുമാണ് മുന്നേറ്റത്തില്‍ ബ്ലാസ്റ്റേര്‍സിന്റെ ആയുധങ്ങള്‍. സന്തേഷ് ജിങ്കന് കൂട്ടായി മലയാളി താരം അനസ് എടത്തൊടിക എത്തിയതോടെ പ്രതിരോധത്തിന്റെ കരുത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ കപ്പിനിടെ അച്ചടക്ക നടപടി നേരിട്ട അനസിന് ഇന്നത്തെ മത്സരത്തില്‍ കളിക്കാനാവില്ല. ക്രമാരവിച്ചും പെക്കൂസണും കിസിത്തോയും സക്കീര്‍ മുണ്ടംപാറയും ദീപേന്ദ്ര നേഗിയും കെ പ്രശാന്തും മധ്യ നിരയില്‍ മാറിമാറി എത്തും.
നാല് സീസണില്‍ രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം കൈവിട്ടവരാണ് ബ്ലാസ്റ്റേര്‍സ്. രണ്ട് വട്ടം ലീഗ് റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തു. അതേസമയം രണ്ടുതവണ ചാമ്പ്യന്മാരായവരാണ് അത്ലറ്റികോ ഡി കൊല്‍ക്കത്ത. റോബി കീന്‍, ടോം തോര്‍പ്, ലാന്സറോട്ട, കാലു ഉച്ച, കോമള്‍ തട്ടല്‍ തുടങ്ങിയവരാണ് കൊല്‍ക്കത്തയുടെ തുറുപ്പുചീട്ടുകള്‍.