കൊച്ചി: പുറത്ത് പോകുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണം. പ്രത്യക സ്പ്രേ ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ പൊടിച്ച് മോഷണം സജീവമാകുന്നു. മൂവാറ്റുപുഴ സ്വദേശികളായ പ്രവാസി ദമ്പതികള്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മോഷണത്തിനു വിധേയരായി. മൂവാറ്റുപുഴ കീച്ചേരിപ്പടി മുനീറിന്റെ മകള്‍ ഡോ. മുന്നുവിന്റെ കാറിന്റെ ചില്ലു തകര്‍ത്തായിരുന്നു മോഷണം.
തിങ്കളാഴ്ച ഉച്ചയോടെ എറണാകുളം എംജി റോഡില്‍ കവിതാ തിയറ്ററിനു സമീപമായിരുന്നു സംഭവം. കാറിന്റെ ചില്ലുകള്‍ പൊടിച്ചു കളയുന്ന രാസപദാര്‍ഥം സ്പ്രേ ചെയ്ത ശേഷമാണ് കാറിനുള്ളില്‍ മോഷണം നടത്തുന്നത്. പ്രത്യേക സ്പ്രേ അടിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ കാറിന്റെ ചില്ലുകള്‍ പൊടിഞ്ഞ് തുടങ്ങും.
കാര്‍ പാര്‍ക്കു ചെയ്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയ മുന്നു സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ പുറകിലെ ചില്ലു പൊടിഞ്ഞു സീറ്റില്‍ കിടക്കുന്നതാണു കണ്ടത്. കാറിലുണ്ടായിരുന്ന മുന്നുവിന്റെ ബാഗ് നഷ്ടപ്പെട്ടു. ഐപാഡും കുറച്ച് ഒമാന്‍ റിയാലും ബാഗിലുണ്ടായിരുന്നതായി മുന്നു നല്കിയ പരാതിയില്‍ പറയുന്നു.
ഇത്തരത്തില്‍ മൂന്നു മോഷണങ്ങള്‍ മുന്‍പ് എംജി റോഡില്‍ നടന്നെന്നു പൊലീസ് പറയുന്നു. എംജി റോഡില്‍ നേവി ഓഫിസറുടെ കാറില്‍ നിന്നും ഇങ്ങനെ മോഷണം നടന്നിട്ടുണ്ട്.