കോഴിക്കോട് പുതുപ്പാടിയില്‍ സ്വകാര്യ ധനകാര്യസ്ഥാപന ഉടമയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി പിടിയിലായി. ആലപ്പുഴ സ്വദേശി സുമേഷിനെ മലപ്പുറം തിരൂരില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് പിടികൂടിയത്. സുമേഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൈതപ്പൊയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ ഷാജു കുരുവിള (52) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. ബൈക്കില്‍ സ്ഥാപനത്തിലെത്തിയ അക്രമി കുരുവിളയുടെ ദേഹത്ത് മുളക് പൊടി വിതറിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതോടെ സജി കുരുവിള കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി. റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പണമിടപാട് സ്ഥാപനത്തിനകത്തും തീ പടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായിരുന്നു.
വെള്ളിയാഴ്ച സുമേഷ് കുരുവിളയുടെ സ്ഥാപനത്തില്‍ സ്വര്‍ണം ഈടുനല്‍കി പണം വാങ്ങാനെത്തിയിരുന്നു. എന്നാല്‍ ഈടുവയ്ക്കാന്‍ സ്വര്‍ണം തികയാത്തതിനാല്‍ പണം നല്‍കിയില്ല. പെരുമാറ്റത്തില്‍ സംശയം തോന്നിയ കുരുവിള അപ്പോള്‍തന്നെ സുമേഷിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഈങ്ങാപ്പുഴയിലെ സഹോദരന്റെ സ്ഥാപനത്തിലുള്ളവര്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനുശേഷമാണ് സുമേഷ് വീണ്ടും സ്ഥലത്തെത്തി കുരുവിളയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സുമേഷ് തന്നെയാണ് തീകൊളുത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുരുവിള പൊലീസിനോട് പറഞ്ഞു.