കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന നടന് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച സാഹചര്യം വിശദീകരിച്ച് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. കഴിഞ്ഞ ജനറല്‍ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നത് അജണ്ടയിലുള്പ്പെടുത്തിയിരുന്നു. സംഘടന പിളര്‍പ്പിന്റെ വക്കിലെത്തി നിന്നപ്പോഴാണ് തീരുമാനമെടുത്തത്. ഇക്കാര്യം പരിഗണിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന അംഗങ്ങള്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും പിന്നീടാണ് പ്രതിഷേധങ്ങള്‍ ഉടലെടുത്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ മടങ്ങിവരവ് വിവാദമായതോടെയാണ് സംഘടനയിലേക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്. ഇതോടെ അയാള്‍ അമ്മയ്ക്ക് പുറത്ത് തന്നെയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
എന്നാല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയുമ്പോഴും കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയില്ല. അമ്മയിലേക്കില്ലെന്ന പറഞ്ഞ സ്ഥിതിക്ക് ദിലീപ് പുറത്തുതന്നെയാണ്. അങ്ങനെയുളളപ്പോള്‍ ദിലീപിനോടുളള നിലപാട് ഇനി വ്യക്തമാക്കേണ്ടതില്ലെന്നും കേസില്‍ വിധി വരുന്നതു വരെ ഇക്കാര്യത്തില്‍ പുനര്‍ചിന്തനം ഉണ്ടാകില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അവസരങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന ആക്രമിക്കപ്പെട്ട നടിയുടെ പരാതി സംഘടനയ്ക്ക് ലഭിച്ചിട്ടില്ല. ഭാവനയും രമ്യ നമ്പീശനും മാത്രമെ അമ്മയില്‍ നിന്നും രാജി വച്ചിട്ടുളളു. അമ്മയില്‍ മെംബര്ഷിപ്പുളള ഡബ്ല്യുസിസി അംഗങ്ങള്‍ക്കും ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കാം. അമ്മയ്ക്ക് സമാന്തരമായി വരുന്ന സംഘടനകളെ സ്വാഗതം ചെയ്യുന്നു. ഡബ്ല്യുസിസിയുമായി ചര്‍ച്ച നടത്താനുളള തിയ്യതി പിന്നീട് തീരുമാനിക്കും. സ്ത്രീകള്‍ക്കും തുല്യസ്ഥാനം നല്കുന്ന സംഘടനയാണ് അമ്മ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
അമ്മ സംഘടനയുടെ ഒരു പരിപാടിയില്‍ അവതരിപ്പിച്ച സ്ക്രിപ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അമ്മയിലെ സ്ത്രീകള്‍ തന്നെ തയ്യാറാക്കിയ സ്ക്രിപ്റ്റ് ആണ് അത്. അതിനെ ബ്ലാക്ക് ഹ്യൂമര്‍ ആയി കാണണം. ജനറല്‍ ബോഡിക്കു ശേഷം മാധ്യമങ്ങളെ കാണാതിരുന്നത് തെറ്റായിപ്പോയെന്നും അതില്‍ ക്ഷമ ചോദിക്കുന്നതായും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.