കണ്ണൂര്‍: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ഷാനു ചാക്കോയും ചാക്കോ ജോണും പിടിയിലായി. കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നീനുവിന്റെ സഹോദരനും പിതാവുമാണ് ഇപ്പോള്‍ പിടിയിലായ ഷാനു ചാക്കോയും ചാക്കോ ജോണും. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു.
വിശദമായി ചോദ്യം ചെയ്യുന്നതിനായി പ്രതികളുമായി പോലീസ് കോട്ടയത്തേക്ക് തിരിച്ചുകഴിഞ്ഞു. രാത്രിയോടെ സംഘം കോട്ടയത്തെത്തും. കേസില്‍ ഷാനു ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന് പിന്നിലെ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.