തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് വൈകിയേക്കും. കൊലപാതകത്തിലെ പ്രതികളുടെ പങ്ക് തെളിയിക്കാന്‍ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്ന അന്വേഷണസംഘത്തിന്റെ നിലപാടാണ് ഇതിന് കാരണം. അതേസമയം സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കസ്റ്റഡിയിലുള്ള നാലുപേര്‍ക്കെതിരാണ് സാഹചര്യ തെളിവുകള്‍. ഈ നാലുപേരെയും ലിഗയെയും കോവളത്ത് ഒരുമിച്ച് കണ്ടവരുണ്ട്. പൊന്തല്‍കാട്ടിലേക്ക് വിദേശ വനിത പോയത് കണ്ട ചില പരിസരവാസികളും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കസ്റ്റഡയിലുള്ളവര്‍ കൊലപാതകം ചെയ്തുവെന്ന് സ്ഥിരീകരിക്കാന്‍ ഇനിയും ശാത്രീയ തെളിവുകള്‍ ആവശ്യമാണ്. അതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ലിഗയുടെ ആന്തരികവയവങ്ങളുടെ പരിശോധന ഫലവും വിരലടയാള റിപ്പോര്‍ട്ടും അടക്കമുള്ള ഫൊറന്‍സിക് ഫലങ്ങളാണ് പൊലീസ് കാത്തിരിക്കുന്നത്. സ്ഥലത്തു നിന്നും ശേഖരിച്ച മുടിയും വള്ളികള്‍ കൊണ്ടുണ്ടാക്കിയ കുരിക്കില്‍ നിന്നും ശേഖരിച്ച സാമ്പികളുമാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ഇത് ലഭിക്കുന്ന മുറയ്ക്ക് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന