Home app

രോഗികള്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ദുരിത വിഷു കൈനീട്ടം

ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന ഒപി ബഹിഷ്‌കരണ സമരം ആയിരക്കണക്കിന് രോഗികളെ ദുരിതക്കയത്തിലാക്കി. മണിക്കൂറുകളോളം വേദന കടിച്ചമര്‍ത്തി ഡോക്ടര്‍മാരെ കാണാന്‍ ആശുപത്രി വരാന്തകളില്‍ ക്യൂ നില്‍ക്കുന്ന നിര്‍ധനരായ രോഗികളുടെ ദുരിതം ഡോക്ടര്‍മാരും സംസ്ഥാന സര്‍ക്കാറും കണ്ടില്ലെന്ന് നടിക്കുകയാണ്.

സംസ്ഥാനത്ത് പണിമുടക്കുന്ന 4300 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിന്റെ മൂന്നാം നാളില്‍ ഒപി ബഹിഷ്‌കരിക്കുന്നുണ്ടെങ്കിലും അത്യാഹിത വിഭാഗവും ശസ്ത്രക്രിയകള്‍ക്കും മുടക്കമില്ലാതെ സഹകരിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. എന്നാല്‍ സര്‍ക്കാരും ഡോക്ടര്‍മാരും പിടിവാശി തുടര്‍ന്നാല്‍ പാവപ്പെട്ട രോഗികളുടെ കാര്യം വരും ദിവസങ്ങളില്‍ ഗുരുതരമാകും.

ഇനിയെങ്കിലും ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംഒയുമായി ആരോഗ്യമന്ത്രി ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാവേണ്ടതാണ്. പണമുള്ളവര്‍ സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ നേടാന്‍  തയ്യാറാവുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിന് രോഗികളാണ് മൂന്നാം ദിവസവും ദുരിതം പേറുന്നത്.

സ്ഥിരമായി കാണുന്ന ഡോക്ടര്‍ സമരത്തിലായതിനാല്‍ വിദദ്ധ ചികിത്സയും മരുന്നും ലഭിക്കാതെ കണ്ണീരോടെയാണ് രോഗികള്‍ ആശുപത്രിയില്‍ നിന്നും മടങ്ങുന്നത്. പലരോഗികളും സ്ഥിരമായി കാണുന്ന ഡോക്ടര്‍മാരുടെ അഭാവത്തില്‍ മരുന്നുകള്‍ നിര്‍ത്തേണമോ അതോ തുടരണമോ എന്ന കാര്യത്തില്‍ അങ്കലാപ്പിലാണ്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് ജില്ലയില്‍ ഒപി ഇന്നലെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചത്. വെളുപ്പിന് 5 മണിക്ക് തന്നെ ക്യൂ നില്‍ക്കാന്‍ വരുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന കാര്യം പോലും അറിയില്ല.

തിരുവനന്തപുരം , കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലും സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല.
വേദന കടിച്ചമര്‍ത്തി ഡോക്ടര്‍മാരെ കാണാനിരിക്കുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ദൃശ്യങ്ങള്‍ കണ്ടിട്ടെങ്കിലും ഇരുവിഭാഗവും ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാവേണ്ടതുണ്ട്.

ഇതിനിടെ സമരം ഒത്ത് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണക്കാരെ ദുരിതത്തിലാഴ്ത്തുന്ന സമരം അവസാനിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും അടിയന്തര നടപടി സ്വീകരിക്കണം. ചികിത്സ നിഷേധിക്കുന്നത് ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്നതും കമ്മീഷന്‍ ആക്ടിംഗ് പ്രസിഡന്റ് പി മോഹന്‍ദാസ് അറിയിച്ചു.

സമരം ആര്‍ദ്രം പദ്ധതിയെ അട്ടിമറിക്കാനാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ആരോപിക്കുമ്പോള്‍ പദ്ധതിക്കോ വൈകുന്നേരം ഒപി തുടങ്ങുന്നതിനോ എതിരല്ലെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് വേണ്ടിയാണെന്നും സംഘടനാ പ്രസിഡന്റ് ഡോ. കെഎ റൗഫ് പറയുന്നു.

വാദങ്ങള്‍ എന്തൊക്കെയാണെങ്കിലും ഒരു ചായപോലും കുടിക്കാതെ വെളുപ്പാന്‍കാലം മുതല്‍ ഡോക്ടറെ കാണാന്‍ വേദന കടിച്ചമര്‍ത്തി ആശുപത്രി വരാന്തയില്‍ മണിക്കൂറുകളോളം കാത്തിരിക്കുന്ന രോഗികളുടെ രോദനം ആരറിയാന്‍. ഫൈവ്സ്റ്റാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ വിഐപി പരിഗണനയോടെ ഡോക്ടര്‍മാരെ സന്ദര്‍ശിക്കുന്നവര്‍ പാവപ്പെട്ട രോഗികളുടെ ഇന്നത്തെ അവസ്ഥ ഒരിക്കലെങ്കിലും ഒന്ന് വന്ന് കണ്ട് ബോധ്യപ്പെട്ടാല്‍ ഒരുപക്ഷേ പ്രശ്‌നം ഉടനടി അവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top