ചൈന ബഹിരാകാശ നിലയം ടിയാന്‍ഗോങ് 1 ഭൂമിയിലേക്ക് പതിക്കാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. 2016ലാണ് ബഹിരാകാശ നിലയം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കാന്‍ ആരംഭിച്ചത്. 43% നോര്‍ത്ത് ലാറ്റിറ്റൂഡിനും 43% സൗത്ത് ലാറ്റിറ്റൂഡിനും ഇടയിലായി സ്പേസ് ലാബിന്റെ അവശിഷ്ടങ്ങള്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ചൈന, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍ ഇറ്റലി, നോര്‍ത്തേണ്‍ സ്പെയിന്, യു.എസ്, സ്വിറ്റ്സര്‍ലന്‍ഡ്, ടാസ്മാനിയ എന്നിവിടങ്ങിളിലും തെക്കന്‍ ആഫ്രിക്കയുടെ പരിധിയിലും ബഹിരാകാശ നിലയം പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2016ല്‍ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട സ്പേസ് സ്റ്റേഷന് അറ്റ്മോസ്ഫിയര്‍ റീഎന്‍ട്രി(നിയന്ത്രണം വീണ്ടെടുക്കല്‍) സാധ്യമല്ലെന്ന് ചൈന തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ബഹിരാകാശ വാഹനത്തിന്റെ വലിപ്പം പ്രശ്നമാകില്ലെങ്കിലും അതീവ വിഷം നിറഞ്ഞതും ദ്രവീകരണ ശേഷിയുമുള്ള ഇന്ധനമായ ഹൈഡ്രാസിന് ബഹിരാകാശ നിലയത്തിലുണ്ട്. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.
2011ലാണ് 8500 ടണ്‍ ഭാരമുള്ള ‘ടിയാന്‍ഗോങ് 1’ ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. നിലവില്‍ ആളുകളൊന്നും ടിയാന്‍ഗോങില്‍ ഇല്ലെന്നാണ് ചൈന പുറത്തുവിടുന്ന വിവരം. അതേസമയം ചരിത്രത്തില്‍ ഇതുവരേക്കും സ്പേസ് സ്റ്റേഷനുകള്‍ ഭൂമിയില്‍ പതിച്ച് ആളപായം ഉണ്ടായിട്ടില്ലെന്നിരിക്കെ ടിയാന്‍ഗോങ് അപകടഭീഷണി ഉയര്‍ത്തുമോ എന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.