പെണ്‍പോരാട്ടങ്ങളുടെ കണക്കുപുസ്തകത്തിലേക്കിതാ ഒരു പേര് കൂടി, ഷാജിമ. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ഷാജിമ വ്യാജ മദ്യവില്‍പ്പനയ്ക്കെതിരെയും പരസ്യമദ്യപാനത്തിനെതിരെയും നടത്തിയ ഒറ്റയാള്‍ പോരാട്ടം ഒടുവില്‍ ഫലം കണ്ടിരിക്കുകയാണ്. എക്സൈസ് വകുപ്പും പോലീസും പഞ്ചായത്തധികൃതരും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പ് നല്കിയതിനാല് സമരം നിര്‍ത്തി വച്ചു. എക്സൈസും എടക്കാട് പോലീസും ചേര്‍ന്ന് മുഴപ്പിലങ്ങാട്ടും പരിസരങ്ങളിലും പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരും. അധികൃതര്‍ പ്രദേശത്തെ സാമൂഹികതിന്മയ്ക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്ന പോസ്റ്ററുമായി ചൊവ്വാഴ്ച രാവിലെയാണ് ഷാജിമ പ്രതിഷേധ സമരം ആരംഭിച്ചത്. മുഴപ്പിലങ്ങാടിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.
വ്യാജമദ്യ നിര്‍മാതാവായ ഭര്‍ത്താവില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളാണ് ഇങ്ങനെ പൊതുജനമധ്യത്തില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ഷാജിമ പറഞ്ഞു. പൂര്‍ണസമയ മദ്യപാനിയായ ഭര്‍ത്താവ് വീട്ടുചെലവിനും മറ്റ് ആവശ്യങ്ങള്‍ക്കും യാതെരു സഹായവും ചെയ്തിരുന്നില്ലെന്നും ഷാജിമ പറഞ്ഞു. കുളം ബസാറിലെ ബീച്ച് റോഡരികില്‍ സമരവുമായി എത്തിയ ഷാജിമയെ ആദ്യം ഒരു സംഘം തടയാന്‍ ശ്രമിച്ചിരുന്നു. രാവിലെ ആറുമണിമുതല്‍ കുളം ബസാറിലും പരിസരങ്ങളിലും വ്യാജമദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന് ഷാജിമ പറഞ്ഞു. പോലീസില്‍ പലതവണ പരാതിപ്പെട്ടതായും അവര്‍ പറഞ്ഞു. വിവിധ രാഷ്ട്രീയസാമൂഹികമഹിളാ സംഘടനാനേതാക്കളും യുവജനസംഘടനകളും സ്ഥലത്തെത്തി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. മുഴപ്പിലങ്ങാട് എ.കെ.ജി. റോഡിലെ കളത്തില്‍ പ്രമോദന്റെ ഭാര്യയാണ് ഷാജിമ (50) . ഡ്രൈവ് ഇന്‍ ബീച്ച് ഉള്‍പ്പെടെ വിനോദ സഞ്ചാരത്തിന് പ്രാമുഖ്യമുള്ള മേഖലയാണ് മുഴപ്പിലങ്ങാട്. കുപ്പികളും പായ്ക്കറ്റുകളിലുമൊക്കെയായ് പ്രദേശത്ത് മദ്യം സുലഭമാണെന്ന് നാട്ടുകാര്‍ പറയുന്നു.