ഐ.എസ്.എല്‍ നാലാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി കൊച്ചിയിലും കോഴിക്കോടും പ്രകാശനം ചെയ്തു. പരിശീലകന് റെനെ മ്യൂലന്സ്റ്റീന്, സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം, മലയാളി താരം റിനോ ആന്റോ എന്നിവരുടെ സാന്നിധ്യത്തിലാണ് കൊച്ചി ലുലുമാളില്‍ ചടങ്ങ് നടന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സി.കെ വിനീത്., കെ. പ്രശാന്ത് എന്നിവരായിരുന്നു ജഴ്സി പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം തുടങ്ങിയവര്‍ക്ക് ജഴ്സി ഒരുക്കിയിട്ടുള്ള അഡ്മിറല്‍ വിന്‍ഡീസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി ഒരുക്കുന്നത്. 2014ലും 2015ലും ജര്‍മ്മന്‍ കമ്പനി ആയ പ്യൂമയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി സ്പോണ്സര് ചെയ്തത്.
നവംബര്‍ 17-ന് കലൂര്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങള്‍ കൊച്ചിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. സൂപ്പര്‍താരമായ ഇയാന്‍ ഹ്യൂം വെള്ളിയാഴ്ച്ച കൊച്ചിയിലെത്തിയിരുന്നു. തിങ്കളാഴ്ച്ച മാഞ്ചസ്റ്റര്‍ താരമായിരുന്ന ദിമിതര്‍ ബെര്‍ബറ്റോവും എത്തിച്ചേരും.