ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടി അര്‍ച്ചനയ്ക്കൊപ്പം കറങ്ങിയ ജയില്‍ ഡിഐജിക്ക് വകുപ്പ് മേധാവിയുടെ താക്കീത്. ഡിഐജി ബി പ്രദീപിനെ താക്കീത് ചെയ്തത് ജയില്‍ എഡിജിപി ശ്രീലേഖയാണ്. സീരിയല്‍ നടി അര്‍ച്ചനയെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി കറങ്ങിയതിനാണ് നടപടി. നടിക്കൊപ്പം ഇവരുടെ പിതാവ് ഉണ്ടായിരുന്നതിനാലാണ് നടപടി താക്കീതില്‍ ഒതുങ്ങിയത്. ഔദ്യോഗിക വാഹനം ദുരുപയോഗിച്ചതിനാണ് താക്കീത് നല്‍കിയത്. ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം ഇനിയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിഐജിക്ക് താക്കീത് നല്കിയ മെമ്മോയില്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
സീരിയല്‍ നടിയുമായി ജയില്‍ വകുപ്പ് ദക്ഷിണ മേഖല ഡിഐജി പ്രദീപ് കറങ്ങിയ സംഭവത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെയും പൊലീസ് ആസ്ഥാനത്ത് പരാതി കിട്ടിയതിന്റെയും അടിസ്ഥാനത്തിലാണ് വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയത്. ജയില്‍ ഐ ജി ഗോപകുമാറാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കി എഡിജിപി ശ്രീലേഖയ്ക്ക് നല്‍കിയത്.
പത്തനംതിട്ട ജില്ലാ ജയിലില്‍ മാര്‍ച്ച് 17 ന് നടന്ന വാര്‍ഷിക പരിപാടിക്കാണ് നടിയെ വാഹനത്തില്‍ കൊണ്ടുപോയത്. ജയിലിലെ പരിപാടിക്കാണ് നടിയെ കൊണ്ടു പോയതെങ്കിലും ഇതിന് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതിനാണ് താക്കീത് നല്‍കിയത്. ബി. പ്രദീപ് സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഒരു വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്.