കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച രാവിലെയാണ് പൂക്കോയ തങ്ങൾ കീഴടങ്ങിയത്. ഒമ്പതുമാസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കീഴടങ്ങൽ.
എം.എൽ.എയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.സി കമറുദ്ദീൻ പ്രതിയായ കേസാണിത്. ഫാഷൻ ഗോൾഡ് ചെയർമാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഫാഷൻ ഗോൾഡ് എം.ഡിയായിരുന്ന പൂേക്കായ തങ്ങൾ ഒളിവിൽ പോയത്. കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാതെ എം.സി കമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് ആക്ഷേപമുണ്ടായിരുന്നു.
ഫാഷൻ ഗോൾഡ് നടത്തിപ്പിനായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന പരാതികളിൽ 120 ഒാളം കേസുകളുണ്ട്. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.