Breaking News

അജ്ഞാത മൃതദേഹമായി പിതാവ് ആശുപത്രിയിൽ,മകൻ ഭക്ഷണം നൽകിക്കൊണ്ടിരുന്നത് മറ്റൊരു കോവിഡ് രോഗിക്ക്

പാരിപ്പള്ളി: ആശുപത്രിയിൽ അജ്ഞാത മൃതദേഹമായി പിതാവ്  കിടക്കുന്നതറിയാതെ ഭക്ഷണവും വസ്ത്രവുമെല്ലാം നൽകി മകൻ. കോവിഡ് കാലത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത് കൊല്ലത്താണ്. അഞ്ച് ദിവസമാണ് തലവൂർ ഞാറക്കാട് വലിയപാറ കുഴിയിൽ സുലൈമാൻ കുഞ്ഞ് അജ്ഞാത മൃതദേഹമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിടന്നത്. ഈ കാലയളവിൽ മകൻ പിതാവിനായി എത്തിച്ചു നൽകിയിരുന്ന ഭക്ഷണവും വസ്ത്രവും ലഭിച്ചുകൊണ്ടിരുന്നത് മറ്റൊരു കോവിഡ് രോഗിക്കും.

പിതാവ് ജീവിച്ചിരിപ്പില്ലാത്തത് അറിയാതെ മകൻ നൗഷാദ് ഭക്ഷണവും വസ്ത്രവും കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചുകൊണ്ടിരുന്നു. നെഗറ്റീവായി വാർഡിലേക്കു മാറ്റിയ പിതാവിനെ കാണാൻ ചെന്ന മകൻ കണ്ടത് മറ്റൊരു സുലൈമാൻ കുഞ്ഞിനെയാണ്. മേൽവിലാസം മാറിപ്പോയെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ആശുപത്രികൾ കയറിയിറങ്ങി നടത്തിയ അന്വേഷണത്തിനൊടുവിൽ നൗഷാദ് തിരുവനന്തപുരത്തെ മോർച്ചറിയിൽ പിതാവിനെ കണ്ടെത്തുന്നത്.

ഓഗസ്റ്റ് 26നാണ് സുലൈമാനുമായി മകൻപുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. 15 ദിവസം കഴിഞ്ഞപ്പോൾ സുലൈമാന് കൊവിഡ് പോസിറ്റീവായി. പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയാണെന്ന് അധികൃതർ പറഞ്ഞു. പിറ്റേന്ന് പാരിപ്പള്ളിയിൽ അന്വേഷിച്ചപ്പോൾ അവിടെയില്ലെന്നും, കൊല്ലം എസ്.എൻ. കോളജിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അറിയിച്ചു. അവിടെയെത്തി അച്ഛനെ ഏൽപ്പിക്കാൻ മൊബൈൽ ഫോൺ കൈമാറി തിരികെ പോന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ അവിടെ ചെന്നപ്പോൾ ജനറൽ ആശുപത്രിയിലേക്കു മാറ്റിയെന്നു പറഞ്ഞു. അവിടെയെത്തിയപ്പോൾ വീണ്ടും പാരിപ്പള്ളിയിലേക്ക് കൊണ്ടുപോയെന്നറിയിച്ചു. അവിടെ പോയി വസ്ത്രങ്ങളും ഭക്ഷണവും കൈമാറി മടങ്ങി. നഴ്‌സിനെ വിളിച്ച് വിവരങ്ങളന്വേഷിച്ചുകൊണ്ടിരുന്നു. ഒക്ടോബർ 16ന് വിളിച്ചപ്പോൾ അച്ഛന് കൊവിഡ് നെഗറ്റീവായി വാർഡിലേക്ക് മാറ്റിയെന്നു പറഞ്ഞു. അച്ഛനെ കാണാൻ ചെന്നപ്പോഴാണ് അതു സുലൈമാനല്ലെന്ന് മനസ്സിലായത്. അത് ശാസ്താംകോട്ട സ്വദേശിയായ അതേ പേരും അതേ പ്രായവുമുള്ള മറ്റൊരാളായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തി. അവിടെ മോർച്ചറിയിൽ സുലൈമാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 13-ാം തിയതിയാണ് സുലൈമാൻ മരിച്ചത്. 17നാണ് മൃതദേഹം ഏറ്റുവാങ്ങി ഖബറടക്കം നടത്തി. സുലൈമാന്റെ വിവരങ്ങൾ അറിയിക്കാൻ മൂന്ന് ഫോൺ നമ്പറുകൾ നൽകിയിരുന്നുവെന്നും എന്നാൽ ആരും വിവരം അറിയിച്ചില്ലെന്നും മകൻ പറഞ്ഞു.

എന്നാൽ എസ്.എൻ. കോളജിലെ കൊവിഡ് കേന്ദ്രത്തിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് മകനെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ മറുപടി. ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവശനായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അവിടെ ഐസിയു ഒഴിവില്ലാത്തതിനാൽ തിരുവനന്തപുരത്തേക്കയച്ചു. വിലാസത്തിൽ പിശകുണ്ടായിരുന്നതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top