കരിപ്പൂര്‍: കരിപ്പുര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 17 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മിക്സിയുടെ മോട്ടോറില്‍ ഒളിപ്പിച്ച് കടത്തിയ 96 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ഇതോടെ 24 മണിക്കൂറിനുളളില്‍ എയര്‍കസ്റ്റംസ് പിടികൂടിയത് 1.12 കോടിയുടെ സ്വര്‍ണമാണ്.
ബുധനാഴ്ച പുലര്‍ച്ചെ എയര്‍അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് കുറ്റിക്കുളം അബ്ദുള്‍ ഖാദര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് 350 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇയാളുടെ ബാഗേജിനകത്ത് കാര്‍ബോര്‍ഡ് ഷീറ്റിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയ അധികൃതര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. ചൊവ്വാഴ്ച മലപ്പുറം ചെറുവായൂര്‍ മാട്ടില്‍ അബ്ദുള്‍ അസീസ്(45)എന്ന യാത്രക്കാരനില്‍ നിന്നാണ് 1866 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലാണ് അസീസ് കരിപ്പൂരിലെത്തിയത്.
അസീസിന്റെ ബാഗിലുണ്ടായിരുന്ന മിക്സിയുടെ മോട്ടോറിനുളളില് അതീവ രഹസ്യമായിട്ടാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.ഇയാളെ പിന്നീട് കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കരിപ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ. കിരണിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ.പി. സുധീര്‍, തോമസ് വര്‍ഗീസ്, ഇന്‍സ്പെക്ടര്‍മാരായ വി.സി. മിനിമോള്‍, പ്രേംപ്രകാശ് മീന, എം.ജയന്, ജി.നരേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.