ജയ്പുർ: ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും രാജസ്ഥാൻ പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെയാണ് സച്ചിൻ പൈലറ്റിൻ്റെ പ്രതികരണം . ട്വിറ്ററിലൂടെയാണ് സച്ചിൻ നിലപാട് അറിയിച്ചത്.
സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല- ഹിന്ദിയിൽ ചെയ്ത ട്വീറ്റിൽ സച്ചിൻ വ്യക്തമാക്കി. കോൺഗ്രസ് അംഗമെന്ന വിവരണവും സച്ചിൻ ട്വിറ്റർ ബയോയിൽനിന്ന് നീക്കം ചെയ്തുതു.
മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അശോക് ഗഹലോത്തിനെ മാറ്റാതെ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് സച്ചിൻ വ്യക്തമാക്കിയതോടെയാണ് അദ്ദേഹത്തിനെതിരെ വിമതനീക്കത്തിന്റെ പേരിൽ കോൺഗ്രസ് നടപടി എടുത്തത്.
സച്ചിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും പാർട്ടി പദവികളിൽ നിന്നും മന്ത്രിസ്ഥാനങ്ങളിൽ നിന്നും നീക്കി.
ഗോവിന്ദ് സിങ് ഡോടാസരയാണ് പുതിയ പി.സി.സി. അധ്യക്ഷൻ. സച്ചിന്റെ വിശ്വസ്തരും മന്ത്രിമാരുമായ വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നിവരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.