Breaking News

കരിക്കിൻവില്ലയിലെ ‘മദ്രാസിലെ മോനെ’ വെളിപ്പെടുത്തിയ ഗൗരിയമ്മ അന്തരിച്ചു

തിരുവല്ല: ‘മദ്രാസിലെമോൻ’ എന്ന വെളിപ്പെടുത്തലിലൂടെ കുപ്രസിദ്ധ കൊലപാതകത്തിന് തുമ്പുണ്ടാക്കിയ മഞ്ഞാടി കുതിരിക്കാട്ട് മലയിൽ ഗൗരിയമ്മ (98) മരിച്ചു. കരിക്കൻ വില്ല ദമ്പതി വധക്കേസിലെ മുഖ്യസാക്ഷിയായ ഇവർ വൈകിട്ട് നാലിന് കൊച്ചുമകൾ മിനിയുടെ വസതിയിലാണ് മരിച്ചത്.‌ വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. 
1980 ഒക്‌ടോബർ 6ന് നടന്ന കരിക്കൻ വില്ല കൊലപാതകം മീന്തലക്കര ഗ്രാമത്തിന് ഇന്നും നടുക്കുന്ന ഓർമയാണ്. മീന്തലക്കര ക്ഷേത്രത്തിനു സമീപം കരിക്കൻ വില്ലയിൽ കെ.സി. ജോർജ് (63), ഭാര്യ റേച്ചൽ (കുഞ്ഞമ്മ – 56) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഏറെക്കാലം കുവൈത്തിൽ ജോലി ചെയ്‌തു നാട്ടിലെത്തിയ മക്കളില്ലാത്ത ഈ ദമ്പതികൾ പുറംലോകവുമായി ഏറെ ബന്ധപ്പെട്ടിരുന്നില്ല. രാവിലെ വീട്ടുജോലിക്കെത്തിയ ഗൗരിയാണു ജോർജിനെയു റേച്ചലിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കുത്തേറ്റിരുന്നു. കത്തി റേച്ചലിന്റെ വയറ്റിൽ തറച്ചിരുന്നു. മേശപ്പുറത്തു 4 ചായക്കപ്പുകളുണ്ടായിരുന്നു. ഗൗരിയെ പൊലീസ് ചോദ്യം ചെയ്‌തപ്പോൾ തലേന്നു വൈകിട്ടു താൻ ജോലികഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ 4പേർ കാറിൽ വന്നിരുന്നെന്നും വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും ഗൗരി മൊഴിനൽകി. റേച്ചൽ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത്. ‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ തന്നോടു പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കരിക്കൻവില്ല കൊലക്കേസിനു തുമ്പുണ്ടാക്കിയത്. 

കൊല്ലപ്പെട്ട ജോർജിന്റെ ഒരു ബന്ധുവും കറുകച്ചാൽ സ്വദേശിയുമായ റെനി ജോർജ് ചെന്നൈയിൽ പഠിക്കുന്നുണ്ടായരുന്നു. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്‌തമായി. റെനിയും ഹസനും ആദ്യം പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ച കിബ്‌ലോ, പറ്റാതെ വന്നപ്പോൾ കീഴടങ്ങി. ചെന്നൈയിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്നു ഇവർ. 

പ്രതികളെ 1982 ജനുവരി ഒന്നിനു കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും വാസം. കെനിയക്കാരനായ കിബ്‌ലോയെ ഡൽഹി തിഹാർ ജയിലിലേക്കു മാറ്റി. ജയിൽവാസം 1995 ജൂണിൽ പൂർത്തിയായി. ഓഗസ്‌റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്‌ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി. ഇവർ ശിക്ഷ കഴിഞ്ഞ് തിരുവല്ല പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. കേസന്വേഷണത്തിനു ചുക്കാൻപിടിച്ച എസ്പി ഗോപിനാഥ്, സിഐ എ.കെ. ആചാരി, എസ്ഐ. അബ്‌ദുൽ കരിം എന്നിവർ കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞു.

മുഖ്യപ്രതിയായ റെനി ജോർജ് ജയിൽവാസകാലത്തുതന്നെ മാനസ്സാന്തരപ്പെട്ടിരുന്നു. പരോളിലിറങ്ങുന്ന സമയങ്ങളിൽ സുവിശേഷ പ്രചാരകനായി. 14 വർഷവും 9 മാസവും ജയിലിൽ കിടന്ന റെനി ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൂർണമായും മാറിയിരുന്നു. സുവിശേഷ യോഗങ്ങളിൽ മുഖ്യ പ്രസംഗകനായി. തടവുകാരുടെ മക്കൾക്ക് സംരക്ഷണം നൽകുന്ന പ്രസ്ഥാനത്തിന്റെ ചുമതലക്കാരനാണ്. ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മറ്റു പ്രതികൾ. 

കരിക്കൻ വില്ല സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ രാഗം മൂവീസ് ‘ മദ്രാസിലെ മോൻ’ എന്ന സിനിമ 1981ൽ നിർമിച്ചു. രവീന്ദ്രനായിരുന്നു നായകൻ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top