തിരുവനന്തപുരം: പ്രമുഖ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്സ്, തൃശൂരില്‍ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന് മന്ത്രി ഇ.പി. ജയരാജനെ അറിയിച്ചു. തുടക്കത്തില്‍ 100 പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. തുടര്‍ന്ന്, ആയിരത്തിലധികം പേര് തൊഴിലെടുക്കുന്ന വിപുലമായ പ്രസ്ഥാനമായി സംരംഭത്തെ മാറ്റുമെന്നും ടി.എസ്. പട്ടാഭിരാമന് പറഞ്ഞു. തൃശൂരില്‍ കല്യാണിന് ഭൂമി കണ്ടെത്തി നല്‍കുമെന്നും കല്യാണിന്റെ വരവ് മറ്റു നിക്ഷേപകര്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഇ പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ലോകത്തെ തന്നെ മുന്‍നിര സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്ക്സ് കേരളത്തില്‍ വസ്ത്ര നിര്‍മ്മാണ സംരംഭം തുടങ്ങുന്നു. കല്യാണ്‍ സില്‍ക്ക്സ് ഉടമ ടി എസ് പട്ടാഭിരാമന് ഇക്കാര്യം നേരിട്ട് അറിയിച്ചു. കേരളത്തില്‍ ഇത്തരമൊരു സംരംഭം തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്നാണ് അദ്ദേഹം പറഞ്ഞത്. തുടക്കം 100 പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. തുടര്‍ന്ന് ആയിരത്തിലധികം പേര് തൊഴിലെടുക്കുന്ന വിപുലമായ പ്രസ്ഥാനമായി ഈ സംരംഭത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു. സംരംഭം തുടങ്ങാന്‍ കല്യാണിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. തൃശൂര്‍ ജില്ലയില്‍ തന്നെ ഭൂമി കണ്ടെത്തും. കല്യാണിന്റെ വരവ് മറ്റു നിക്ഷേപകര്‍ക്ക് പ്രചോദനമാകുന്നതാണ്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ എല്ലാം വലിയ വിജയത്തിലെത്തുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.