ജയ്പൂര്‍: കോവിഡ് 19നെ ചൈന പ്രതിരോധിച്ചത് വെര്‍ച്യുല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സ്, റോബോട്ടിക്സ് എന്നീ ശാസ്ത്ര- സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ്. വുഹാനില്‍ അടക്കം ചൈന വ്യാപകമായി റോബോട്ടുകളെ ഉപയോഗിച്ചിരുന്നു.രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിക്കാന്‍ റോബോട്ടിനെ പരീക്ഷിച്ചിരിക്കയാണ്.
ജയ്പൂരിലെ സവായ് മാന്‍സിങ് (എസ്എംഎസ്) ആശുപത്രിയിലാണ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നും മറ്റും നല്കാന് റോബോട്ടിന്റെ സാധ്യത പരീക്ഷിച്ചത്. എസ്എംഎസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്കാണ് റോബോട്ട് സഹായമെത്തിച്ചത്. വൈറസ് പകരുന്നത് തടയാനായി ആശുപത്രി ജീവനക്കാര്‍ രോഗികളുമായി അടുത്തിടപഴകുന്ന സാഹചര്യം പരമാവധി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.