ലാ പാസ്: ജനകീയപ്രക്ഷോഭം രാജ്യത്തെ സ്തംഭിപ്പിച്ചതിനുപിന്നാലെ സ്ഥാനം നഷ്ടമായ ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറെയ്ല്സ് രാജ്യം വിട്ടു. കഴിഞ്ഞ ദിവസം ബൊളീവിയയില്‍നിന്ന് രക്ഷപ്പെട്ട മൊറെയ്ല്‍സ് മെക്സിക്കോയില്‍ അഭയം തേടി. മെക്സിക്കോയിലേക്ക് പോയത് ട്വിറ്ററിലൂടെയാണ് മൊറെയ്ല്‍സ് അറിയിച്ചത്. പ്രതിഷേധക്കാര്‍ മൊറെയ്ല്‍സിന്റെ രണ്ട് വീടുകള്‍ ആക്രമിച്ചു.
രാജ്യം വിടുന്നതില്‍ കടുത്ത ദുഖമുണ്ട്. രാജ്യത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. കൂടുതല്‍ ശക്തിയോടെ താന്‍ തിരിച്ചെത്തുമെന്ന് മൊറെയ്ല്‍സ് ട്വിറ്ററില്‍ കുറിച്ചു.
ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമംകാട്ടിയാണ് മൊറെയ്ല്‍സ് അധികാരത്തിലെത്തിയത് എന്നാരോപിച്ചാണ് മൂന്നാഴ്ചമുമ്പ് പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിച്ചത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയതായി നിരീക്ഷക സംഘടനയായ ഓര്ഗനൈസേഷന് ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് കണ്ടെത്തിയിരുന്നു.