ഭോപ്പാല്‍ : അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്ത യുവതിക്ക് പ്രാകൃത ശിക്ഷ വിധിച്ച് നാട്ടുകൂട്ടം. ഭര്‍ത്താവിനെ ചുമലിലേറ്റി നടക്കണമെന്ന ക്രൂരശിക്ഷയാണ് നാട്ടു കൂട്ടം യുവതിക്ക് വിധിച്ചത്. മധ്യപ്രദേശിലെ ഝാബുവയിലെ ദേവഗോണ് ഗ്രാമത്തിലാണ് സംഭവം.
#WATCH Madhya Pradesh: Villagers force a woman to carry her husband on her shoulders as a punishment in Devigarh, Jhabua allegedly for marrying a man from a different caste. (12.4.19) pic.twitter.com/aNUKG4qX7p
— ANI (@ANI) April 13, 2019
മറ്റൊരു ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ച് ഇരുപതുകാരിയായ പെണ്‍കുട്ടിയാണ് ഗ്രാമീണരുടെ ശിക്ഷയ്ക്കിരയായത്. ഭര്‍ത്താവിനെയും ചുമലിലേറ്റി നടന്നു നീങ്ങുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരുടെ നടുവിലൂടെ ഭര്‍ത്താവിനെയും ചുമന്ന് വേച്ചു വേച്ചു നടക്കുന്ന യുവതിയാണ് ദൃശ്യങ്ങളില്‍. വീഴാന്‍ പോകുന്ന യുവതിയെ ആളുകള്‍ നിര്‍ബന്ധിച്ച് നടത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.
സംഭവത്തില്‍ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ്.പി വിനീത് ജെയിന് പറഞ്ഞു. രണ്ട് പേര് അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു.