Entertainment

മാമാങ്കത്തില്‍ പോര് മുറുകുന്നു; സിനിമയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്

മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ബിഗ്ബഡ്ജറ്റ് ചിത്രം മാമാങ്കം വിവാദക്കുരുക്കിലേക്ക്. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിളളയും നിര്‍മാതാവ് വേണു കുന്നപ്പിള്ളിയുമായി നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വന്‍ മുതല്‍മുടക്കുളള ചിത്രത്തിന്റെ ഷൂട്ടിങ് രണ്ട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സംവിധായകനും നിര്‍മ്മാതാവും തമ്മിലുളള തര്‍ക്കം രൂക്ഷമായത്. ഇതോടെ സംവിധായനെ മാറ്റിയതായി അറിയിച്ചുകൊണ്ട് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.

‘മാമാങ്കം’ സിനിമയുമായി സംവിധായകന്‍ സജീവ് പിള്ളയ്ക്ക് ഇനി ഒരു ബന്ധവുമില്ലെന്ന് വേണു കുന്നപ്പിള്ളി അറിയിച്ചു. എം പത്മകുമാറാണ് സിനിമ ഇനി സംവിധാനം ചെയ്യുക. ഇക്കാര്യം സജീവ് പിള്ളയുമായി പറഞ്ഞുറപ്പിക്കുകയും കരാറിലെത്തുകയും ചെയ്തിട്ടുണ്ട്. 2019 അവസാനമോടെ ചിത്രം പുറത്തിറങ്ങുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിളളി

അതേസമയം സജീവ്പിളള ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ്. നിര്‍മ്മാതാവ് ചിത്രത്തില്‍ അനാവശ്യമായി കൈകടത്തുന്നുവെന്നായിരുന്നു സജീവ്പിളളയുടെ പരാതി. ചിത്രത്തില്‍ യോദ്ധാവിന്റെ റോള്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്ന നടന്‍ ധ്രുവനെ താന്‍ അറിയാതെ പുറത്താക്കിയെന്ന് സജീവ് പിളള പറയുന്നു. ഇതോടൊപ്പം ചില സാങ്കേതിക പ്രവര്‍ത്തകരും ചിത്രത്തില്‍ നിന്നും പുറത്തായി. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിലുളള പോര് മുറുകിയത്.

Actor Druv

ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഇടപെടലില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സജീവിന്റെകൂടി സമ്മതപ്രകാരമാണ് എം പത്മകുമാര്‍ സംവിധാനം ഏറ്റെടുത്തത്. വന്‍മുതല്‍ മുടക്കില്‍ സെറ്റ് ഇട്ടതുള്‍പ്പെടെയുളള ഷൂട്ടിങ് ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് സജീവ്പിളള ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സിനിമ പൂര്‍ത്തിയാക്കണമെന്ന ആഗ്രഹംകൊണ്ടാണ് നഷ്ടമുണ്ടായിട്ടും ഈ സിനിമയുടെ നിര്‍മാണവുമായി മുന്നോട്ടുപോകുന്നത്. തനിക്കെതിരെ മുഖ്യമന്ത്രിക്കടക്കം സജീവ് പിള്ള പരാതി നല്‍കിയതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

സജീവ്പിളള

2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന ബിഗ്ബഡ്ജറ്റ് ചിത്രങ്ങളിലൊന്നാണ് മാമാങ്കം. ലോകമെമ്പാടുമുളള മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിവാദത്തില്‍പ്പെട്ട് ഷൂട്ടിംങ് മുടങ്ങിയിരിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനമുയരുന്നുണ്ട്. അതേസമയം പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് ഷൂട്ടിംങ് ജോലികള്‍ പുനരാരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top