Breaking News

പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന; മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരത രത്‌ന. സാമൂഹ്യപരിഷ്‌കര്‍ത്താവ് നാനാജി ദേശ്മുഖ്, ഗായകന്‍ ഭൂപേന്‍ ഹസാരിക എന്നിവരാണു ഭാരത രത്‌നയ്ക്ക് അര്‍ഹരായ മറ്റു രണ്ടുപേര്‍. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണു പുരസ്‌കാരം.

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാള്‍ സ്വദേശിയായ പ്രണബ് കുമാര്‍ മുഖര്‍ജി. 1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.

1969ല്‍ ആദ്യമായി രാജ്യസഭാംഗമായി. 1977ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം. 2004ല്‍ ലോക്‌സഭയിലെത്തി. 2008ല്‍ പത്മവിഭൂഷണ്‍ ബഹുമതി. എഡിബിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണന്‍സ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബിയോണ്ട് സര്‍വൈവല്‍, എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി, ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഗായകന്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ് തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ ഭൂപേന്‍ ഹസാരിക 2011ലാണ് അന്തരിച്ചത്. പത്മഭൂഷണും 2012ല്‍ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു.

കേരളത്തില്‍ നിന്നു നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ്‍ ലഭിച്ചു. ഗായകന്‍ കെ.ജി. ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ്, ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.

പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. പത്മപുരസ്‌കാരങ്ങള്‍ രണ്ടു തവണയും തേടിയെത്തിയത് പ്രിയദര്‍ശന്റെ സെറ്റില്‍വച്ചാണ്. സര്‍ക്കാരിനും സ്‌നേഹിച്ചു വളര്‍ത്തിയ പ്രേക്ഷകര്‍ക്കും നന്ദി അറിയിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഇതുവരെയെന്നും സത്യം ജയിച്ചെന്ന ചാരിതാര്‍ഥ്യമുണ്ടെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.

മോഹന്‍ലാലിനും നമ്പി നാരായണനും പുറമേ മുന്‍ ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍(മരണാനന്തരം), ഇന്ത്യന്‍ പര്‍വതാരോഹക ബചേന്ദ്രി പാല്‍, ലോക്‌സഭ എംപി ഹുകുംദേവ് നാരായണ്‍ യാദവ് എന്നീ 14 പേരാണ് പത്മഭൂഷണ്‍ സ്വന്തമാക്കിയത്.

നാടന്‍ കലാകാരന്‍ തീജന്‍ ബായ്, കിഴക്കന്‍ ആഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകന്‍ ഇസ്മായില്‍ ഉമര്‍ ഗുലെ, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ കമ്പനി ചെയര്‍മാന്‍ അനില്‍ മണിഭായ് നായിക്, മറാഠി നാടകാചാര്യന്‍ ബല്‍വന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവര്‍ക്കാണു പത്മവിഭൂഷണ്‍ പുരസ്‌കാരം.

അന്തരിച്ച ഹിന്ദി നടന്‍ കാദര്‍ ഖാന്‍ (മരണാനന്തരം) ഉള്‍പ്പെടെ 94 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയ്, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, തമിഴ് നടന്‍ പ്രഭു ദേവ, ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഡ്രമ്മിസ്റ്റ് ശിവമണി, ഗുസ്തി താരം ബജ്‌രംഗ് പുനിയ തുടങ്ങിയവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top