ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണി തനിക്ക് നേരിടേണ്ടി വരുന്നത് കനത്ത വെല്ലുവിളികളെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദര്‍ശനത്തിന് പോയി മടങ്ങിയ ശേഷം കനത്ത വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത്. ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്കൂളിലേയ്ക്ക് വരേണ്ടെന്ന് സ്കൂളധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മകള്‍ക്ക് സ്കൂളില്‍ പ്രവേശനം നിഷേധിച്ചുവെന്നും ബിന്ദു പറഞ്ഞു.
കേരള- തമിഴ്നാട് ബോര്‍ഡറിലെ ‘വിദ്യ വനം’ ഹയര്‍സെക്കന്ററി സ്കൂളിലാണ് ബിന്ദുവിന്റെ മകള്‍ക്ക് പ്രവേശനം നിഷേധിച്ചത്. നേരത്തെ അഡ്മിഷന് നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്കൂളില്‍ എത്തിയപ്പോള്‍ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു. എന്നാല്‍ താന്‍ സ്കൂള്‍ ഇധികൃതരെ കുറ്റപ്പെടുത്തുന്നില്ലെന്നും സ്കൂളില്‍ പോയപ്പോള്‍ ഏകദേശം 60തോളം പുരുഷന്മാര് അവിടെ ഉണ്ടായിരുന്നുവെന്നും സ്കൂള്‍ അധികാരികള്‍ ഭയപരവശരായിരുന്നുവെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോയത്. എന്നാല്‍ ഇതിനു ശേഷം കൊടിയ മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വരുന്നതെന്നും തനിക്കെതിരെ വെര്‍ബല്‍ റേപ്പിംഗ് നടക്കുന്നുണ്ടെന്നും ബിന്ദു പറഞ്ഞു.