sunday feature

‘പാലാക്കരി’ മനസ് മയക്കുന്ന കായല്‍ സുന്ദരി

അമൃത അശോക്

ഒറ്റ വായനയില്‍ തന്നെ മനസ് കീഴടക്കിയ കായല്‍ സൗന്ദര്യത്തെ നേരില്‍ കാണാനൊരു യാത്ര. അത്രയെ മനസില്‍ ഉണ്ടായിരുന്നുള്ളൂ എന്നാല്‍ കണ്ണും മനവും കുളിര്‍പ്പിക്കുന്ന ദൃശ്യവിരുന്ന് തന്നെയായിരുന്നു ‘പാലക്കരി’ നമുക്കായി ഒരുക്കിയിരുന്നത്. ഫിഷ്ഫാമിന്റെ കവാടം കടന്ന് അകത്തെത്തിയാല്‍ പിന്നെ തുടങ്ങുകയായി കായല്‍ സൗന്ദര്യത്തിന്റെ വിസ്മയ കാഴ്ചകള്‍. 250 രൂപയ്ക്ക്, 117 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സൗന്ദര്യ കാഴ്ചകള്‍ വേണ്ടുവോളം നമുക്ക് ആസ്വദിക്കാം. രാവിലെ 10ന് തുടങ്ങുന്ന കാഴ്ചയുടെ മോഹാരിത വൈകിട്ട് 6 വരെ നമ്മുടെ കണ്ണുകളില്‍ നിറഞ്ഞ് നില്‍ക്കും.

നിറഞ്ഞ പുഞ്ചിരിയോടും വളരെ സൗമ്യതയോടും കൂടി പ്രവേശന പാസ് നല്‍കി ഫിഷ്ഫാമിലേക്ക് സ്വീകരിച്ച റിസപ്ഷനിസ്റ്റ് കല പാലാക്കരിയുടെ കാവാലാളായിട്ട് വര്‍ഷങ്ങളേറെയാകുന്നു. ഫാമിലെ ജോലിയിലും അവിടത്തെ ചുറ്റുപാടിലും ചിരപരിജിതയായ അവര്‍ പാലാക്കരിയെ കുറിച്ച് പറയുന്നതിങ്ങനെ, ‘തിരക്കുകള്‍ക്കിടയില്‍ അല്പം ആശ്വാസത്തിനായി ചെലവിടാന്‍ പറ്റിയ സ്ഥലമാണ് ഇവിടെ, കുടുംബമായും സുഹൃത്തുക്കള്‍ക്കൊപ്പവും നിരവധിപേര്‍ ഇവിടെ വരാറുണ്ട്. അവധി ദിവസങ്ങളിലാണ് ആളുകള്‍ കൂടുതല്‍, വരുന്നവര്‍ വളരെ സന്തോഷത്തോടയാണ് മടങ്ങുന്നത്’

പ്രകൃതി ഭംഗി തുടിക്കുന്ന മുക്കുംമൂലയും, അത് പതിന്‍മടങ്ങ് ആസ്വദ്യകരമാക്കുന്ന മനുഷ്യ നിര്‍മ്മിത സൗകര്യങ്ങളുമാണ് പാലാക്കരിയുടെ പ്രത്യേകത. കവാടത്തില്‍ നമ്മളെ സ്വീകരിക്കുന്ന അതിമനോഹരിയായ മത്സ്യകന്യക ഇപ്പോഴും എന്റെ കണ്ണില്‍ നിന്നും മാഞ്ഞിട്ടില്ല. പല വര്‍ണ്ണങ്ങള്‍ നിറഞ്ഞ ആ സൗന്ദര്യ രൂപത്തിന്റെ വലുപ്പവും ഭംഗിയും കണ്ട് ഒരു നിമിഷം ആരും നോക്കി നിന്നുപോകും.

ആ സുന്ദരിയെ മനസില്‍ ആവാഹിച്ച് നേരെ നടന്നാല്‍, ഒരു വശത്ത് ഏക്കറുകളോളം പരന്നുകിടക്കുന്ന വേമ്പനാട് കായലും അപ്പുറത്ത് കായലിനെ പല ഭാഗങ്ങളാക്കുന്ന മീന്‍ വളര്‍ത്തല്‍ കെട്ടുകളും കാണാം. വ്യത്യസ്ത തരം മീനുകളെ വളര്‍ത്തുന്നതിനായി കഷ്ടിച്ച് ഒരാള്‍ക്ക് നടക്കാനാകുന്ന പാതയിലൂടെ കായലിനെ വേര്‍തിരിച്ച് ഓരോ കെട്ടുകളാക്കി തിരിച്ചിരിക്കുകയാണ്. പൂമീന്‍ അണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. 1 7 കിലോ വലുപ്പമുള്ള പൂമീന്‍ വരെ കെട്ടില്‍ നിന്നും പിടിച്ചിട്ടുണ്ടെന്ന് അവിടത്തെ ടൂറിസ്റ്റ് ബോട്ട് ഡ്രൈവറായ ധനീഷ്‌ പറയുന്നു.

‘ എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണ് പാലാക്കരി. കുട്ടികള്‍ക്കായുള്ള പാര്‍ക്കും, ചൂണ്ടയിടാനുള്ള സൗകര്യവും, ബോട്ടിങ്ങും എല്ലാം പാലാക്കരിയുടെ മാത്രം പ്രത്യേകതയാണ്. ഇവിടെ വരുന്നവര്‍ സന്തോഷിക്കുമ്പോള്‍ നമ്മുടെ മനസ് നിറയും, പിന്നെ ഷൂട്ടിങിന് പറ്റിയ സ്ഥലമാണിത്. ആല്‍ബങ്ങളുടേയും കല്ല്യാണ വീഡിയോകളുടേയും ഷൂട്ടിങിന് ഇവിടെ ആളുകള്‍ മിക്കവാറും വരാറുണ്ട്, കഴിഞ്ഞ ദിവസവും ഒരു ടീം വന്നിട്ടുണ്ടായി ‘ എന്നും ധനീഷ്‌ പറയുന്നു.

ഗിഫ്റ്റ് തിലോപ്യ ആണ് പാലാക്കരി ഫിഷ് ഫാമിലെ മീനുകളില്‍ പ്രധാന ആകര്‍ഷണം. അപൂര്‍വ്വ ഇനമായ ഗിഫ്റ്റ് തിലോപ്യ വാങ്ങാന്‍ ദൂരെ നിന്നും വരെ ആളുകള്‍ ഇവിടെ എത്താറുണ്ട്. ഗിഫ്റ്റ് തിലോപ്യ ഫ്രൈ ഇവിടത്തെ കുടുംബശ്രീ ഹോട്ടലിന്റെ സ്പെഷ്യല്‍ ഐറ്റമാണ്. അതിന്റെ സ്വാദും രുചിയും ഒന്നു വേറെ തന്നെയാണ്. കരിമീനും കെട്ടില്‍ വളര്‍ത്തുന്ന മീനുകളില്‍ പ്രമുഖനാണ്. ഒരു നിമിഷം വെള്ളത്തിലേക്ക് നോക്കി നിന്നാല്‍ പലതരത്തിലുള്ള മത്സ്യങ്ങളാണ് മിന്നിമറയുന്നത്. പ്രാഞ്ഞീന്‍, കോലാന്‍, അങ്ങനെ പോകുന്നു പേരുകള്‍. നല്ല തണുത്ത കാറ്റില്‍, മീനുകളെ നോക്കി നടന്നാല്‍ കിലോമീറ്ററുകള്‍ പിന്നിട്ടത് നമ്മള്‍ അറിയില്ല.

പുഴയ്ക്ക് കുറുകെ കഷ്ടിച്ച് രണ്ട് ആള്‍ക്ക് നടക്കാവുന്ന പാതയിലൂടെ നടന്ന് നീങ്ങുമ്പോള്‍ മറ്റുള്ളവര്‍ പാലാക്കരിയുടെ സൗന്ദര്യം ഫോണിലും ക്യാമറയിലും പകര്‍ത്തുന്നത് കാണാം. ചുമര്‍ചിത്രങ്ങളിലും പെയിന്റിങ്ങുകളിലും കാണുന്ന ഭാവനകളിലെ പുഴ സൗന്ദര്യമാണ് ഇവിടെ നേരിട്ട് കണ്ട് ആസ്വദിക്കുന്നത്. കല്ല്യാണ വീഡിയോകളുടെ കേന്ദ്രമായ ഇവിടെ ഇടയ്ക്ക് സിനിമാ, സീരിയല്‍ ഷൂട്ടിങ്ങുകള്‍ നടക്കാറുണ്ടെന്നും അവിടത്തെ ജോലിക്കാര്‍ പറയുന്നു.

കെട്ടുവള്ളം മ്യൂസിയമാണ് പാലാക്കരിയുടെ മറ്റൊരു സവിശേഷത. കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനിടയില്‍ മറ്റൊരു അനുഭൂതിയാണ് ഭീമന്‍ കെട്ടുവള്ളത്തില്‍ ഒരുക്കിയ മ്യൂസിയം. ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത, പഴയകാലത്തെ ഉപകരണങ്ങള്‍ പുത്തന്‍ തലമുറയ്ക്ക് കാണാനും അറിയാനുമുള്ള അവസരമാണ് കെട്ടുവള്ള മ്യൂസിയം. ഉരല്‍, വള്ളരിച്ചെല്ലം, കാല്‍പ്പെട്ടി, പഴയകാല മത്സ്യവല, പങ്കായം, തുടങ്ങിയ പഴയ ഉപകരണങ്ങളെകൊണ്ട നിറഞ്ഞിരിക്കുകയാണ് ആ കെട്ടുവള്ളം.

ബോട്ടിങ് ആണ് പാലാക്കരിയുടെ പ്രധന കളര്‍ഫുല്‍ ഐറ്റം. കായലിന് മുകളിലൂടെ തെന്നിമാറുന്ന സ്പീഡ് ബോട്ടിലൂടെയുള്ള യാത്ര പ്രത്യേക അനുഭവമാണ്. നാല് പാടും വെള്ളം തെറിപ്പിച്ച് കുതിക്കുമ്പോള്‍ എത്ര അസ്വസ്ഥമായ മനസും ആഘോഷത്തിലാകും. വെള്ളത്തിന് മുകളിലൂടെ അങ്ങനെ തെന്നി പായുമ്പോള്‍ ജീവിതത്തില്‍ മുന്നേറുന്നത് പോലെ തോന്നും.

കരയില്‍ നിന്നും ഏറെ അകലെ, കായലിന്റെ നടുക്കായി വെള്ളത്തിന് മുകളില്‍ പഴങ്കഥകളിലെ പ്രേതങ്ങളെപോലെ ഇറങ്ങി നില്‍ക്കുന്ന കുറേപ്പേരാണ് എന്നെ ഏറ്റവും അധികം അദ്ഭുതപ്പെടുത്തിയത്. കായലില്‍ കുറേ കുറ്റികള്‍ നിരത്തിയതുപോലെയുണ്ടെന്നായിരുന്നു അവിടെയുള്ളവരുടെ കമന്റ്. എന്നാല്‍ ആ അദ്ഭുത വിദ്യയ്ക്ക് പിന്നില്‍ വെള്ളത്തിനടിയിലെ മണല്‍തിട്ടകളാണെന്ന് പിന്നീട് മനസിലായി. സ്പീഡ് ബോട്ട് കൂടാതെ, തുഴ ബോട്ടുകളും, പെഡല്‍ ബോട്ടുകളും ഇവിടെ ഉണ്ട്.

എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ മൂന്ന് ജില്ലകള്‍ ചേരുന്ന കിഡോള്‍സ്‌കി ട്രൈജങ്ഷന്‍ പാലാക്കരിയുടെ മാത്രം പ്രത്യേകതയാണ്. കായല്‍ക്കരയില്‍ കുട്ടികള്‍ക്കായുള്ള പാര്‍ക്കും, ചൂണ്ടയിടാനുള്ള സൗകര്യവും ആരേയും പാലാക്കരിയില്‍ തന്നെ പിടിച്ച് നിര്‍ത്തും. നമ്മള്‍ ചൂണ്ടയിട്ട് പിടിക്കുന്ന മീന്‍ ലൈവായി അവിടത്തെ കുടുംബശ്രീ നമുക്ക് തന്നെ കറി വെച്ച് തരും. കായല്‍ക്കരയിലൂടെ നടപ്പാത കിലോമീറ്ററുകള്‍ നീണ്ടുകിടക്കുകയാണ്. നടന്നു ക്ഷീണിക്കുന്നവര്‍ക്ക് അവിടവിടായി കാറ്റുകൊണ്ട് കിടക്കാന്‍ ഊഞ്ഞാലകളും തൊട്ടിലുകളും ഉണ്ട്. ഇനി വിദൂരദൃശ്യങ്ങള്‍ കാണാന്‍ രണ്ട് വാച്ച്ഹൗസുകളും ഇവിടുണ്ട്.

പാലാക്കരിയെകുറിച്ച് അറിഞ്ഞും കേട്ടും നിരവധി ആളുകളാണ് ഇവിടെ വിനോദത്തിനായി എത്തുന്നത്. പ്രവൃത്തി ദിനങ്ങളില്‍ നൂറില്‍ ഒതുങ്ങുന്ന കാഴ്ചക്കാര്‍ അവധി ദിവസങ്ങളില്‍ അത് അഞ്ഞൂറം കടക്കുമെന്നാണ് പാലാക്കരി അക്വ ഫാമിന്റെ പ്രൊജക്ട് ഓഫീസര്‍ വിശ്വലക്ഷ്മി പറയുന്നത്. ‘2009ല്‍ ആരംഭിച്ച മത്സ്യഫെഡിന്റെ കീഴിലുള്ള ഈ അക്വ ടൂറിസം ഇപ്പോള്‍ 2018ല്‍ പത്താമത് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ടുപോകുന്നുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ഫിഷ് ഫാമുകളില്‍ ഒന്നായ പാലാക്കരി ഫാമില്‍ വരുന്നവര്‍ വളരെ സംതൃപ്തിയോടെയാണ് മടങ്ങുന്നത് ‘ വിശ്വലക്ഷ്മി പറഞ്ഞു.

117 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ടൂറിസം ഉള്‍പ്പെട്ട ഫിഷ് ഫാം മത്സ്യഫെഡിന്റെ മേല്‍നോട്ടത്തിലെ വിജയമാര്‍ന്ന പദ്ധതിയായി മുന്നേറുകയാണ്. കൂടുതല്‍ പാക്കേജുകള്‍ ഉല്‍പ്പെടുത്തി ടൂറിസം വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇവിടത്തെ പ്രൊജക്ട് സംഘം. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഫാമില്‍ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

കോട്ടയത്തു നിന്നും വരുന്നവര്‍ക്ക് കുമരകം, വൈക്കം വഴി ചെമ്പിലേക്ക് എത്താം അവിടെ കാട്ടികുന്നിലാണ് നമ്മുടെ പാലക്കരിയുടെ സൗന്ദര്യം മറഞ്ഞിരിക്കുന്നത്. ഇനി എറണാകുളത്ത് നിന്നും ആണെങ്കില്‍ വൈറ്റില, ഉദയംപേരൂര്‍ വഴി കാട്ടിക്കുന്ന്. വെറും 250 രൂപയ്ക്ക് മൂന്ന് നേരത്തെ അത്യഗ്രന്‍ ഭക്ഷണം ഉള്‍പ്പെടെ ഒരു ദിവസത്തെ വിനോദം അതാണ് പാലാക്കരി. ആരുടേയും മനസ് നിറയ്ക്കുന്ന കാഴ്ചകളും വയറ് നിറയ്ക്കുന്ന സ്വാദുള്ള ഭക്ഷണങ്ങള്‍ക്കും ഗ്യാരന്റിയാണ്.

ഫോട്ടൊ ക്രഡിറ്റ്‌സ്: ധനീഷ്‌ വൈക്കം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top