Kerala

കണ്ണൂരില്‍ നിന്ന് വിമാനയാത്രാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള ഉദ്ഘാടന ദിവസമായ ഡിസംബര്‍ 9ന് എയര്‍ ഇന്ത്യയുടെ പ്രഥമ വാണിജ്യ ഫ്‌ലൈറ്റ് അബുദാബിയിലേക്ക് പറക്കും. അന്നുതന്നെ നാല് രാജ്യാന്തര സര്‍വീസുകളുണ്ടാകും. അബുദാബിയിലേക്കുള്ള എക്‌സ്പ്രസ് വാല്യു ടിക്കറ്റിന് 9998 രൂപയായിരിക്കും നിരക്ക്. ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

റിയാദ്, മസ്‌ക്കറ്റ്, ഷാര്‍ജ, ദോഹ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ പൊതുവില്‍പ്പന നികുതി പത്തു വര്‍ഷത്തേക്ക് ഒരു ശതമാനമാക്കി കുറയ്ക്കാന്‍ മന്ത്രി സഭ തീരുമാനമെടുത്തത് വിമാനത്താവളത്തിന്റെ പുരോഗതിക്ക് കാരണമാകും.

കണ്ണൂരിന്റെ കാര്‍ഷിക, ടൂറിസം മേഖലയ്ക്ക് പുതിയൊരു ഉണര്‍വ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ വന്നുചേരും. വടക്കന്‍ മലബാറിലെ ട്രാവല്‍ ടൂറിസം മേഖലയില്‍ പുതിയ വ്യവസായ പദ്ധതികള്‍ വരുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം. 2300 ഏക്കറില്‍ പരന്നുകിടക്കുന്ന കണ്ണൂര്‍ വിമാനത്താവളം മട്ടന്നൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഭാവി വികസനങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള ഈ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

നിലവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വന്നുചേരാനുള്ള പോരായ്മ കണക്കിലെടുക്കുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന് അനന്ത സാധ്യതകളാണ് നിലനില്‍ക്കുന്നത്. ബോയിംഗ് 777 പോലെയുള്ള വലിയ വിമാനങ്ങള്‍ക്ക് യഥേഷ്ടം ഇവിടെ ഇറങ്ങാന്‍ കഴിയുമെന്നത് നേട്ടമാണ്.

2014ല്‍ നിര്‍മാണം തുടങ്ങിയ കണ്ണൂര്‍ എയര്‍പോര്‍ട്ട് നാല് വര്‍ഷത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിച്ചത് ശ്രദ്ധേയമായ നേട്ടമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ഡിസംബര്‍ 9ന് ഒരു ലക്ഷം പേരെങ്കിലും ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനം ജനകീയമാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top