Breaking News

തുലാവര്‍ഷമെത്തി; തിരുവനന്തപുരത്ത് കനത്ത മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

കേരളത്തില്‍ തുലാവര്‍ഷം എത്തി. വരുന്ന ആറു ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഞായറാഴ്ച രാവിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

വടക്കന്‍ കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടിരിക്കുന്നത്. തിരുവന്തപുരത്തും ശക്തമായ മഴയാണ്. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടിവീതം ഉയര്‍ത്തി. 83.4 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. കരമന, നെയ്യാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഗസ്ത്യ വനമേഖല ഉള്‍പ്പെടെ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.

അരുവിക്കര ഡാമില്‍ 46.58 മീറ്ററാണ് നിലവിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 46.6 മീറ്ററാണ്. നാലു ഷട്ടറുകളില്‍ ഒന്നു 90 സെന്റിമീറ്റര്‍ ഒന്നു 50 സെന്റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. പേപ്പാറ ഡാമിന്റെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. 108 മീറ്ററാണ് ഇവിടെ പരമാവധി ജല നിരപ്പ്. ഇപ്പോള്‍ 107.50 മീറ്റര്‍ എത്തിയിട്ടുണ്ട്. നാലു ഷട്ടറുകളില്‍ ഒന്നാണ് 50 സെന്റിമീറ്റര്‍ തുറന്നത്.

ഇത്തവണ പതിനഞ്ച് ദിവസത്തോളം വൈകിയാണ് കേരളത്തില്‍ തുലാവര്‍ഷം എത്തിയത്. സാധാരണ ഒക്ടോബര്‍ പകുതിയോടെ എത്താറുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊണ്ട ചുഴലിക്കാറ്റുകളും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവുമാണ് തുലാമഴ വൈകാന്‍ കാരണമായത്. ഡിസംബര്‍ 15 വരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top