വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെയാണ് നായകന്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംമ്രയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതേസമയം ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ മുഹമ്മദ് ഷമിയെ ടീമില്‍നിന്നും ഒഴിവാക്കി.
പരിക്ക് ഭേദമായെങ്കിലും കേദാര്‍ ജാദവിന് ടീമില്‍ ഇടം ലഭിച്ചില്ല. യുവതാരം പൃഥ്വി ഷാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ദേവ്ധര്‍ ട്രോഫി ടൂര്‍ണമെന്റില്‍ പരിക്കേറ്റതിനാല്‍ താരത്തെയും ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യുവതാരങ്ങളായ ഋഷാഭ് പന്തും ഖലീല്‍ അഹമ്മദും ടീമില്‍ തുടരും.
നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തിലാണ് അവസാന ഏകദിനം. ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി20 പരമ്പരയും വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കും.