sunday feature

ഹൊററും ത്രില്ലറും ഹ്യൂമറും ചേര്‍ന്നൊരു മനോഹര മിസ്റ്ററിയാണ് നീലി ; അല്‍ത്താഫ് റഹ്മാന്‍ പറയുന്നു

അല്‍താഫ് റഹ്മാന്‍

മഹാ പ്രളയം കടലിറങ്ങിയിരിക്കുന്നു…ഒട്ടൊന്ന് പതറിയെങ്കിലും അതിജീവനത്തിന്റെ സകല സാധ്യതകളേയും പരമാവധി മുതലെടുത്ത് പുതിയ ജീവിതത്തിന്റെ നാമ്പുകളിലേക്ക് പ്രതീക്ഷയുടെ നോട്ടമെറിഞ്ഞ് മലയാളികളിതാ അവരുടെ പരിചിത ജീവിതത്തിലേക്ക് പതിയെ തിരികെ വരാന്‍ തുടങ്ങി… മറ്റേതു മേഖലയേയുമെന്ന പോലെ പ്രളയദുരന്തം ചലച്ചിത്രവിപണിയേയും ഉലച്ചു.

ഓണച്ചിത്രങ്ങളായി തിയേറ്ററുകളിലെത്താനൊരുങ്ങിയിരുന്ന നിരവധി ചലച്ചിത്രങ്ങളുടെ റിലീസിംഗാണ് മാറ്റി വയ്‌ക്കേണ്ടി വന്നത്. ജീവിതം സാധാരണഗതിയിലായതോടെ തിയേറ്ററുകളും മെല്ലെ ഉണര്‍വിലേക്ക് ചുവടുവയ്ക്കുകയാണ്. പ്രളയകാലത്തെ അനിശ്ചിതത്വത്തിന് ശേഷം തിയേറ്ററുകളില്‍ റീ റിലീസിംഗ് ചെയ്ത ചിത്രമാണ് നീലി.

‘ കള്ളിയങ്കാട്ട് നീലിയെ പരിചയമില്ലാത്ത മലയാളികളുണ്ടോ…ആ മിത്തിലൂടെ കടന്നുപോവാത്ത കേരളീയ ബാല്യങ്ങളുണ്ടോ….പിന്നല്ല ഈ കഥയൊക്കെ നമ്മളെത്ര കണ്ടതാ, നമ്മളെത്ര കേട്ടതാ ‘ എന്നാണ് നിങ്ങളുടെ കമന്റെങ്കില്‍, ഈ നീലിയെപ്പറ്റി അത്തരം മുന്‍വിധികളൊന്നും വേണ്ട, നമ്മള്‍ കേട്ട കള്ളിയങ്കാട്ട് നീലിയുടെ കഥയുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന മറുപടി തരുന്നത് മറ്റാരുമല്ല നിലീയുടെ സംവിധായകന്‍ അല്‍താഫ് റഹ്മാന്‍ തന്നെ.

തിരുവനന്തപുരം സ്വദേശിയായ അല്‍ത്താഫ് ‘തോര്‍ത്ത് ‘ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ ചാലിച്ച തോര്‍ത്ത് ഏറെ പ്രേക്ഷക പ്രശസ്തി നേടിയിരുന്നു. പിന്നീട് അസിസ്റ്റന്റ് , അസോസിയേറ്റ് ആയി പ്രമുഖ സംവിധായരുടെ കീഴില്‍..

2013ല്‍ പുറത്തിറങ്ങിയ തോര്‍ത്തിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നീലിയിലൂടെ അല്‍ത്താഫ് സ്വതന്ത്ര സംവിധായകനായെത്തുന്നത്.

നീലിയുടെ വിശേഷങ്ങളും സിനിമയെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും അല്‍ത്താഫ് റഹ്മാന്‍ കേരള വിഷന്‍ ഓണ്‍ലൈനോട് പങ്കുവെക്കുന്നു.

  • നീലിയെപ്പറ്റി ?

നീലിയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നീലി ഒരു ഹൊറര്‍ ത്രില്ലര്‍ ഹ്യൂമര്‍ എന്ന ഗണത്തില്‍പ്പെടുത്താവുന്ന സിനിമ എന്നതിലുപരി ഒരു അമ്മ മകള്‍ ബന്ധം ആവിഷ്‌കരിക്കുന്ന ചിത്രമാണ്. ആറ് വയസ്സുള്ള മകളും അമ്മയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തന്റെ മകള്‍ക്കുവേണ്ടി ഒരമ്മയ്ക്ക് ഏതറ്റംവരേയും പോകാന്‍ കഴിയും, അതാണ് നീലി പറഞ്ഞു വയ്ക്കുന്നത്.

നായികാ കഥാപാത്രമായ മംമത മോഹന്‍ദാസിനെക്കൂടാതെ അനൂപ് മേനോന്‍ , ബാബുരാജ്, ശ്രീകുമാര്‍ മറിമായം , സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും മുഖ്യവേഷങ്ങളിലെത്തുന്നു. വിവിധ ലക്ഷ്യങ്ങളുമായി കള്ളിയങ്കാട്ട് എന്ന ഗ്രാമത്തിലേക്ക് അവര്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതി.

  • ആദ്യ സ്വതന്ത്രസംരഭം ഒരു ഹൊറര്‍ ചിത്രമായതിന് പ്രത്യേക കാരണമെന്തെങ്കിലും ?

ഹൊറര്‍ സിനിമ എന്നതിലുപരി തിരക്കഥയുടെ കെട്ടുറപ്പാണ് എന്നെ ആകര്‍ഷിച്ചത്. ആദ്യമായി ഒരു സിനിമ ചെയ്യുമ്പോള്‍.., അത് ഒരാള്‍ കണ്ടിട്ട് കൊള്ളാമെന്ന് മറ്റൊരാളോട് പറയണമെങ്കില്‍ അതിലൊരു പുതുമയുണ്ടാകണം. അങ്ങനെയൊരു ചിന്ത മനസ്സില്‍ വച്ചാണ് നീലി എന്ന സബ്ജക്ട് എടുക്കാന്‍ കാരണം. അതിന്റെ ഹൊറര്‍ പശ്ചാത്തലം നോക്കിയിട്ടല്ല. അങ്ങനെ പറയാനൊരു ഡാര്‍ക് സിനിമയായിട്ടുള്ള ഹൊറര്‍ അല്ല നീലി. ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഹൊറര്‍ കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സിനിമ. തോര്‍ത്ത് എന്ന ഷോര്‍ട്ട് ഫിലിം സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ അറിയപ്പെടുന്നത് ആ സബ്ജക്ടിന്റെ പുതുമ കൊണ്ട് തന്നെയായിരുന്നു. ആ പുതുമ തേടിയുള്ള എന്റെ യാത്രയാണ് നീലിയില്‍ അവസാനിച്ചത്.

  • കള്ളിയങ്കാട്ട് നീലിയെന്ന പഴങ്കഥയോടോ അത്തരത്തില്‍ നമ്മള്‍ കണ്ടുപോന്ന സ്റ്റീരിയോടൈപ്പ് പ്രേതങ്ങളോടോ നീലിക്ക് ബന്ധമുണ്ടോ ? പേര് ഇങ്ങനെ ആയതുകൊണ്ട് ചോദിച്ചതാണ് ?

പഴയ കള്ളിയങ്കാട്ട് നീലിയുമായി നമ്മുടെ സിനിമയ്ക്ക് ഒരു ബന്ധവുമില്ല. പക്ഷെ നമ്മള്‍ പറയുന്ന കള്ളിയങ്കാട്ട് എന്ന ഗ്രാമത്തില്‍ തന്നെയാണ് ഈ കഥ. നീലിയുമായി ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ പറയുന്നതും. കൂടുതല്‍ പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല,..നിങ്ങള്‍ തിയേറ്ററില്‍ കണ്ടറിയൂ….


നീലിയുടെ ചിത്രീകരണത്തിനിടയില്‍ അല്‍താഫ് റഹ്മാനും മമ്തയും

  • ഹൊററും പാട്ടുകളും തമാശയും ത്രില്ലറും , നീലിയിലെ ചേരുവകള്‍ പ്രേക്ഷകരെ കൈയ്യിലെടുക്കുന്നതാണല്ലോ ?

നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ മാസ് പബ്ലികിന്റെ താത്പര്യങ്ങളുമായി ബന്ധപ്പെടുത്തി ചെയ്താലേ അവര്‍ക്കത് സ്വീകാര്യമാകുകയുള്ളൂ. അതു കൊണ്ട് തന്നെയാണ് കഥപറയുമ്പോള്‍ സിനിമാറ്റിക് രീതിയില്‍ അതിന്റെ പശ്ചാത്തലം ആവശ്യപ്പെടുന്ന രീതിയിലുള്ള പാട്ടുകളും നര്‍മവും ഹൊററുമെല്ലാം ചേര്‍ത്തിരിക്കുന്നത്. പ്രേക്ഷകര്‍ തിയേറ്ററിലെത്തണമെന്ന ഉദ്ദേശത്തോടുകൂടിത്തന്നെ അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മുന്‍നിര്‍ത്തി ചെയ്ത സിനിമ തന്നെയാണ് നീലി.

  • ചിത്രത്തില്‍ മമ്ത മോഹന്‍ദാസ് നായികയായെത്തിയത് ?

മമ്ത തന്നെയായിരുന്നു ഞങ്ങളുടെ ഫസ്റ്റ് ഓപ്ഷന്‍ . റിയാസും മുനീറും ചേര്‍ന്നാണ് നീലിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
റിയാസ് എന്നോട്പറയുന്ന സമയത്തു തന്നെ മമ്തയാണ് ഞങ്ങളുടെ മനസ്സില്‍ ,മമ്തയ്ക്ക് വേണ്ടിയാണ് ഞങ്ങള്‍ കഥ എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞു. മമ്തയെ മനസ്സില്‍ വച്ച് സിനിമ കണ്ടോളു എന്ന അവരുടെ വാക്കില്‍ അവര്‍ കഥപറയുമ്പോളും മമ്തയിലൂടെ തന്നെയാണ് ഞാനീ കഥ കേട്ടത്. ഈ ക്യാരക്ടര്‍ ചെയ്യാന്‍ സീനിയര്‍ ആയിട്ടുള്ള, ബോള്‍ഡ് ആയിട്ടുള്ള ഒരു നായിക വേണം. മമ്തയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഞങ്ങള്‍ക്കില്ലായിരുന്നു.

  • മറ്റു താരങ്ങളെക്കുറിച്ച് ?

മറ്റു താരങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ , ഒന്ന് അനൂപ് മോനോന്‍. അനൂപ് മേനോന്‍ ചെയ്യുന്ന കഥാപാത്രം മലയാളത്തില്‍ വളരെ വിരളമായി വന്നുപോയിട്ടുള്ള ക്യാരക്ടറാണ്. പാരാ നോര്‍മല്‍ ഇന്‍വസ്റ്റിഗേറ്റര്‍. പ്രേതങ്ങളെ കണ്ടുപിടിക്കുന്ന അല്ലെങ്കില്‍
ഒരു നെഗറ്റീവ് എനര്‍ജി പരിസരത്ത് ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന ക്യാരക്ടറാണ്. അയാളുടെ ഇന്‍ട്രൊഡക്ഷന്‍ തന്നെ വളരെ രസകരമായാണ് ഞങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ടോട്ടല്‍ സിനിമയില്‍ ആ കഥാപാത്രം വളരെയധികം ഇന്‍വോള്‍വ്ഡ് ആകുന്നുണ്ട്.

പിന്നെ, ബാബുരാജ്, കള്ളിയങ്കാട്ട് ഗ്രാമത്തില്‍ മോഷണത്തിനായെത്തുന്ന കള്ളനായാണ് ബാബുരാജ് ചിത്രത്തിലെത്തുന്നത്. പുള്ളിയുടെ ആശാന്റെ വേഷമാണ് മറിമായം ശ്രീകുമാര്‍ ചെയ്യുന്നത്. മറിമായം പോലുള്ള ടെലി സിനിമകളിലൂടെ പ്രശസ്തനായ
നടനാണ് ശ്രീകുമാര്‍ . നിരവധി ചിത്രങ്ങളും ചെയ്തിട്ടുണ്ട്. കമല്‍ സാറിന്റെ ഉട്ട്യോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. നീലിയിലെ ആശാന്‍ ജലാലിന്റെ വേഷം വളരെ ഭംഗിയായി ശ്രീകുമാര്‍ ചെയ്തിട്ടുണ്ട്.

സിനില്‍ സൈനുദ്ദീന്റെ ആദ്യ മുഴുനീള ചിത്രമാണ് നീലി. ഒരു ഉഡായിപ്പ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ വേഷമാണ് സിനില്‍ ചെയ്തിരിക്കുന്നത്. ഭാനു എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ പുള്ളി അതിഗംഭീരമാക്കിയിട്ടുണ്ട്.

മമ്തയുടെ മകളായി അഭിനയിച്ചിരിക്കുന്നത് എറണാകുളത്തെ നൈപുണ്യ സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ബേബി മിയയാണ്. മലയാള സിനിമയ്ക്ക് ഭാവിയിലേക്കുള്ള വാഗ്ദാനമാണ് ബേബി മിയ. പിന്നെ ബാലാജി, പ്രകാശ് ബാല, അങ്ങനെ നിരവധി കലാകാരന്മാര്‍…വിജയന്‍ പെരിങ്ങോട്, വിജയേട്ടന്‍ നമ്മെ വിട്ട് പിരിഞ്ഞത് ഏറെ ദുഖകരമായ വാര്‍ത്തയായിരുന്നു. ഒരു ദിവസത്തെ ഷൂട്ടാണ് ഞങ്ങളുടെ സിനിമയില്‍ ഉണ്ടായിരുന്നത്. വിജയേട്ടന്റെ അവസാന സിനിമ നീലീയാണ്.

ബാബുരാജും ശ്രീകുമാറും നീലിയില്‍

  • ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ഷോര്‍ട്ട് ഫിലും ആയിരുന്നു തോര്‍ത്ത് . അതിനുശേഷം അഞ്ച് വര്‍ഷങ്ങളോളം പിന്നിട്ടാണ് നീലി വരുന്നത്. പ്രേക്ഷകര്‍ താങ്കളില്‍ വച്ചിരിക്കുന്ന വിശ്വാസം ഒന്നുകൂടെ ഉറപ്പിക്കുവാനായിരുന്നോ ഇങ്ങനെ ഒരിടവേള ?

തീര്‍ച്ചയായും ആ ഒരു വിശ്വാസം തന്നെയായിരുന്നു ഞാനീ അഞ്ച് വര്‍ഷങ്ങള്‍ എടുക്കുന്നതിനുള്ള കാരണം. നേരത്തെ പറഞ്ഞതു പോലെ തോര്‍ത്തിനെ നമ്മള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതിന് കാരണം അതിന്റെ മെസ്സേജാണ്. ടാഗ് ലൈനായി വന്ന ഒരു പൊറോട്ട ഉണ്ടാക്കിയ കഥ എന്നതിലുപരി നമ്മള്‍ കണ്ടിട്ടും കാണാതെ പോകുന്ന ചില സത്യങ്ങളുടെ ഓര്‍മപ്പെടുത്തലായിരുന്നു ആ ഷോര്‍ട്ട് ഫിലിം.

അപ്പോ നമ്മളൊരു പുതിയ സിനിമ ചെയ്യുമ്പോള്‍ എന്നും അങ്ങനെ ഓര്‍ത്തിരിക്കേണ്ട ഒരു സബ്ജക്ടിനു വേണ്ടിയുള്ള യാത്രയിലായിരുന്നു ഞാന്‍. ഇതിനിടയില്‍ നിരവധി കഥകളും തിരക്കഥകളും കേള്‍ക്കുകയും പലരുമായി കൂടിക്കാഴ്ച നടത്തുകയും ഒക്കെ ചെയ്തിരുന്നു. പക്ഷെ പലകാരണങ്ങളാല്‍ ഒന്നും പ്രാക്ടിക്കലായില്ല. കാത്തിരിപ്പ് തുടര്‍ന്നു. അതിന്റെ കൂടെത്തന്നെ അസോസിയേറ്റായും അസിസ്റ്റന്റായും വര്‍ക്ക് ചെയ്തു.

നല്ല കഥകള്‍ക്കായുള്ള കാത്തിരിപ്പിന്റെ കാലമായിരുന്നു അത്. അതിനിടയില്‍ എന്റെയൊരു സുഹൃത്താണ് റിയാസിന്റെയും മുനീറിന്റയുമടുത്ത് ഒരു സബ്ജക്ട് ഉണ്ട് , കേട്ടു നോക്കുന്നുണ്ടോ എന്ന ചോദിക്കുന്നത്. അവര്‍ പറഞ്ഞ കഥയുടെ പുതുമ തന്നെയായിരുന്നു എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്. അതിലേക്കാളുപരി റിയാസിന്റെയും മുനീറിന്റയെും സ്പ്തമശ്രീ തസ്‌കര എന്ന ചിത്രം മലയാളികള്‍ ഏറെ ആഘോഷിച്ച ചിത്രമായിരുന്നു. അത്തരം ജോണറുകളോടാണ് എനിക്ക് ഇഷ്ടം. സിനിമ കണ്ടിറങ്ങിയപ്പോള്‍ തന്നെ അവരുടെ സ്‌ക്രിപിറ്റില്‍ ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. തീര്‍ത്തും യാദൃശ്ചികമായി അവരുടെ തിരക്കഥയില്‍ തന്നെ എന്റെ ആദ്യ ചിത്രം സംഭവിച്ചത് നിമിത്തമായി കരുതുന്നു. തീര്‍ച്ചയായും ആ സ്‌ക്രിപ്റ്റിന്റെ പുതുമയും കെട്ടുറപ്പും തന്നെയായിരുന്നു നീലി സംഭവിക്കാനുള്ള കാരണം.

  • പ്രമുഖ സംവിധായകരുടെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ… ആ ഓര്‍മകളും അനുഭവങ്ങളും ?

ഓര്‍മകളും അനുഭവങ്ങളുമൊക്കെ ഒമ്പതാം വര്‍ഷത്തിലേക്ക് വന്നു നില്‍ക്കുകയാണ്. തുടക്കം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. അഞ്ച് വര്‍ഷം സിനിമയേയും സ്വപനം കണ്ട് ആ ലക്ഷ്യത്തിലേക്കുള്ള അലച്ചിലായിരുന്നു. പിന്നീടാണ് സുഹൃത്തുക്കള്‍ വഴി പ്ലസ് ടു സിനിമയുടെ ഡയറ്ടര്‍ ഷെബിയുമായി പരിചയപ്പെടുന്നത്. ആ സിനിമയില്‍ വര്‍ക്കുചെയ്യാന്‍ സാധിച്ചില്ലെങ്കിലും സെറ്റിലും കാര്യങ്ങളുമൊക്കെയായി മുഴുവനായും ഇടപെടാനുള്ള ഒരു ഭാഗ്യം ലഭിച്ചു. പിന്നീട് പുള്ളിയുടെ തന്നെ ഒന്നുരണ്ട് പടങ്ങളില്‍ വര്‍ക്ക് ചെയ്തു. ശേഷം മധുപാല്‍ സാറിന്റെ ഒഴിമുറി എന്ന സിനിമയില്‍ ക്ലാപ് ബോയിയായി. പിന്നെ ദി മെട്രോ,. അങ്ങനെ ചില ചിത്രങ്ങള്‍. അതിനുശേഷമാണ് ഞാന്‍ തോര്‍ത്ത് ചെയ്യുന്നത്. അതിലൂടെയാണ് എനിക്ക് മുഖ്യധാരാ സിനിമയിലേക്കുള്ള പ്രവേശനം സാധ്യമായത്. ജോഷി സാറിന്റെയും കമല്‍ സാറിന്റെ കൂടെയുമൊക്കെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. സിനിമയാണ് ഇനി എന്റെ ജീവിതം , അതിലേക്കാണ് എന്റെ യാത്ര എന്ന് മനസ്സിലാക്കി തന്നത് ഒഴിമുറി എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവങ്ങളാണ്. ഒഴിമുറിയും ആമിയുമാണ് എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍.

  • ആമിയിലെ അനുഭവങ്ങള്‍ ?

ഞാന്‍ അവസാനമായി അസോസിയേറ്റ് ചെയ്ത ചിത്രമാണ് ആമി. ആമിയുടെ അനുഭവങ്ങള്‍ പറയാനാണെങ്കില്‍ ഏറെയുണ്ട്. ആമിയുടെ അനുഭവങ്ങളില്‍ നിന്നാണ് നീലിയുടെ തുടക്കവും എന്ന് വേണമെങ്കില്‍ പറയാം. രണ്ട് വര്‍ഷത്തോളമെടുത്താണ് ആമിയുടെ ഷൂട്ട് പൂര്‍ത്തിയാകുന്നത്. കമല്‍ സാറിന്റെ കൂടെ ആദ്യം ജോയിന്‍ ചെയ്ത രണ്ടു പേരില്‍ ഒരാളായിരുന്നു ഞാന്‍. ഇതിന് മുമ്പ് ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തില്‍ കമല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്ന് ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുന്നെയാണ് ജോയിന്‍ ചെയ്തത്. പക്ഷെ ആമിയില്‍ ഷൂട്ട് തുടങ്ങുന്നതിനും ആറേഴ് മാസങ്ങള്‍ക്കും മുമ്പേ സാറിന്റെ കൂടെ ജോയിന്‍ ചെയ്തിരുന്നു. സ്റ്റാര്‍ട് ടു എന്‍ഡ് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. വിവാദങ്ങള്‍ ഏറെ പിന്തുടര്‍ന്ന ചിത്രമാണല്ലോ ആമി. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ആമി സമ്മാനിച്ചിട്ടുണ്ട്. കമല്‍ സാറിന്റെ കീഴില്‍ ജോലി ചെയ്യുക എന്നത് തന്നെ വലിയ അനുഭവമാണ്.

  • നീലി പേടിപ്പിക്കുമോ ?

ഹൊറര്‍ , ത്രില്ലര്‍ ഹ്യൂമര്‍ എന്നിങ്ങനെ മൂന്ന് ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാണ് നീലി. ഹൊറര്‍ എന്ന് പറഞ്ഞാല്‍ ടോട്ടലി ഡാര്‍ക് ആയിപ്പോകും. നമ്മളീ കോണ്‍ജുറിംഗ് ഒക്കെക്കാണുന്ന ഒരു മൂഡായിപ്പോകും. അത്തരത്തില്‍ ഒരു ജോണര്‍ വേണ്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടുബങ്ങള്‍ തിയേറ്ററിലെത്തുിക്കുന്ന ഒരു ചിത്രം എന്നതായിരുന്നു ലക്ഷ്യം.

  • അടുത്ത പ്രൊജക്ട് ?

രണ്ട് മൂന്ന് സബ്ജക്ടുകള്‍ മുന്നിലുണ്ട്. അതിലെന്ന് എന്റെതന്നെ സ്‌ക്രിപ്റ്റാണ്. പിന്നെ നീലിയുടെ സമയത്ത് കേട്ട കഥകളും
ആലോചനയിലുണ്ട്. ഏത് ആദ്യം സംഭവിക്കും എന്നറിയില്ല. എന്തായാലും സിനിമ തന്നെയാണ് ഇനി എന്റെ ജീവിതം , സിനിമ ചെയ്യുക തന്നെ ചെയ്യും.

അല്‍താഫ് റഹ്മാന്‍ ചിത്രീകരണത്തിനിടയില്‍

  • ഏറ്റവുമിഷ്ടവുമുള്ള സംവിധായകന്‍ ?

എനിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകന്‍ മണിരത്‌നമാണ്. അദ്ദേഹത്തിന്റെ ഫ്രെയിമുകള്‍ സിനിമയിലേക്കുള്ള എന്റെ അഭിനിവേശത്തിന് ഏറെ പ്രേരണയായിട്ടുണ്ട്.

  • നീലിയെ കാണാനെത്തുന്ന പ്രേക്ഷകരോട് ?

നീലി കാണാനെത്തുന്ന പ്രേക്ഷകരോട് ഒന്നേ പറയാനുള്ളൂ നിങ്ങള്‍ മുടക്കിയ കാശ് , നിങ്ങള്‍ മുടക്കിയ രണ്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ് സമയവും നഷ്ടമാവില്ല എന്ന് മാത്രം.

അല്‍താഫ് റഹ്മാന്‍ പറഞ്ഞ് അവസാനിക്കുമ്പോളും ഈ യുവ സംവിധായകന്റെ കന്നിച്ചിത്രം നീലി തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top