തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ കസ്റ്റഡിയിലായിരുന്ന രണ്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കോവളം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉമേഷ് ഒന്നാം പ്രതിയും ഉദയന്‍ രണ്ടാം പ്രതിയുമാണ്. ഏപ്രില്‍ 20 നാണ് പനത്തുറ കണ്ടല്‍ക്കാട്ടില്‍ ലാത്വിയന്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കേസ് അന്വേഷിക്കുന്ന ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പൊലീസ് കസ്റ്റഡിയിലായിരുന്നു.
യുവതിയെ കൊലപ്പെടുത്തിയത് ഉമേഷും ഉദയനും ചേര്‍ന്നാണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇന്ന് പുറത്തുവന്ന രാസപരിശോധനാ ഫലങ്ങളും പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കുന്നുണ്ട്. യുവതിയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ഉദയന്റേതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.