വിമതരുടെ നേര്‍ക്ക് സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതിനുപിന്നാലെ സിറിയന്‍ സൈനിക താവളത്തിനുനേരെയുണ്ടായ മിസൈലാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഹോം പ്രവിശ്യയുടെ മധ്യഭാഗത്തായുള്ള തായ്ഫൂര്‍ വ്യോമ കേന്ദ്രത്തിലാണ് മിസൈലാക്രമണം ഉണ്ടായതെന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. വിമതരുടെ അവസാനശക്തികേന്ദ്രമായ കിഴക്കന്‍ ഘൗട്ടയിലെ ദൗമ പട്ടണത്തില്‍ ഇന്നലെയുണ്ടായ രാസായുധ പ്രയോഗത്തെത്തുടര്‍ന്ന് ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് യുഎസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായും ആയിരത്തോളം പേര്‍ ചികിത്സതേടിയെത്തിയതായും സന്നദ്ധസംഘടനകള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. അതേസമയം തായ്ഫൂര്‍ എയര്‍ബേസില്‍ വ്യോമാക്രമണം നടത്തിയത് തങ്ങളല്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണ്‍ വ്യക്തമാക്കി. രാസായുധം പ്രയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് തങ്ങള്‍ തങ്ങള്‍ നടത്തുന്നതെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.