Automotive

മുഖം മിനുക്കി ജനപ്രിയന്‍ സ്വിഫ്റ്റ് വീണ്ടുമെത്തി, വില 5.99 ലക്ഷം

കൊച്ചി: ജനപ്രിയ വാഹനമായ മാരുതി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ പോപ്പുലര്‍ വെഹിക്കിള്‍സ് കേരളത്തില്‍ പുറത്തിറക്കി. കൊച്ചിയിലെ ഹൈവേ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍ വാഹനം വിപണിയില്‍ അവതരിപ്പിച്ചു. പോപ്പുലര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ് കെ പോള്‍, ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്‍.ടി അജിത്കുമാര്‍, മാരുതി സെയില്‍സ് മാനേജര്‍ ഇവന്‍ഷു ഗുപ്ത തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ആള്‍ട്ടോയ്ക്ക് ശേഷം മാരുതിയുടെ ഏറ്റവും ജനപ്രീതി നേടിയ മോഡല്‍ എന്ന നിലയില്‍ ഒട്ടേറെ സവിശേഷതകളോടെയാണ് പുതുതലമുറ സ്വിഫ്റ്റിന്റെ വരവ്.

4.99 ലക്ഷം മുതല്‍ 8.29 ലക്ഷം വരെയാണ് സ്വിഫ്റ്റിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില. വാഹനത്തിന്റെ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ആറ് വ്യത്യസ്ത വകഭേദങ്ങളില്‍ ലഭ്യമാണ്. പെട്രോളില്‍ LXI, VXI, VXI (AGS), ZXI, ZXI (AGS), ZXI + എന്നീ വകഭേദങ്ങളിലും ഡീസലില്‍ LDI, VDI, VDI (AGS), ZDI, ZDI (AGS), ZDI+ എന്നീ പതിപ്പുകളിലും പുതിയ 2018 മോഡല്‍ സ്വിഫ്റ്റ് ലഭ്യമാണ്. സുരക്ഷയ്ക്കും, യാത്രാസുഖത്തിനും പ്രാധാന്യം നല്‍കിയാണ് പുതിയ മോഡല്‍ സ്വിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നതെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് ട്രെയിനിംഗ് മാനേജര്‍ രാജേഷ് വിജയന്‍ കേരളവിഷനോട് പറഞ്ഞു.

പരിഷ്‌കരിച്ച പുതിയ പതിപ്പിന് ഒട്ടേറെ സവിശേഷതകളാണ് കമ്പനി ഉള്‍പ്പെടുത്തിയിട്ടുളളത്. ഓട്ടോ ഗിയര്‍ഷിഫ്റ്റ്, സ്മാര്‍ട്ട് കീ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെക്‌സഗണല്‍ ഫ്‌ളോട്ടിങ് ഗ്രില്‍ തുടങ്ങിയവയാണ് പഴയ സ്വിഫ്റ്റില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. ചെത്തിമിനുക്കിയെടുത്ത മുന്‍ഭാഗത്തിന് എല്‍ഇഡി ഹെഡ്-ഫോഗ് ലാമ്പുകള്‍ അഴക് കൂട്ടുന്നു. പരിഷ്‌കരിച്ച ടെയില്‍ ലാമ്പും ഗ്ലാസും സ്‌പോര്‍ട്ടി ഫീലാണ് സ്വിഫ്റ്റിന് പ്രദാനം ചെയ്യുന്നത്.

മോഹിപ്പിക്കുന്ന പുറംഅഴകിനൊപ്പം അകത്തളവും രാജകീയമായാണ് സജ്ജീകരിച്ചിരിക്കുന്നത്. ത്രീ സ്‌പോക്ക് ലെതര്‍ സ്റ്റിയറിംഗ് വീല്‍ കാഴ്ച്ചസുഖത്തേക്കാളേറെ ആത്മവിശ്വാസം നല്‍കുന്നതാണ്. പുതുക്കിയ ഡാഷ് ബോര്‍ഡിനു സമീപത്തുളള ഇന്‍ഫോട്ടെയ്‌മെന്റ് സിസ്റ്റവും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന കോക്പിറ്റ് ഡ്രൈവറില്‍ കേന്ദ്രീകരിച്ചാണെന്നു വേണം പറയാന്‍. പേള്‍ മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ, സോളിഡ് ഫയര്‍ റെഡ്, പേള്‍ മെറ്റാലിക് ലൂസെന്റ് ഓറഞ്ച്, മാഗ്മ ഗ്രേ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍ എന്നിങ്ങനെ ആറ് നിറങ്ങളില്‍ പുതിയ സ്വിഫ്റ്റ് ലഭ്യമാണ്.

നവീകരിച്ച പുതിയ പതിപ്പില്‍ സുരക്ഷയ്ക്കും തുല്യപ്രാധാന്യം മാരുതി നല്‍കിയിട്ടുണ്ട്. എബിഎസ്, എയര്‍ബാഗ്, പാര്‍ക്കിംഗ് സെന്‍സര്‍, ചൈല്‍ഡ് സീറ്റ് തുടങ്ങിയവയ്ക്കുളള ഓപ്ഷനും നല്‍കുന്നുണ്ട്. പെട്രോളിന് 22 കിലോമീറ്ററും ഡീസലിന് 28.4 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കും നല്‍കും. രാജ്യാന്തര വിപണിയില്‍ കരുത്തുകൂടിയ സ്‌പോര്‍ട്‌സ്, ഹൈബ്രിഡ് പതിപ്പുകളുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ എത്തിച്ചേക്കില്ല. നിലവില്‍ യുറോപ്പ്, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ സ്വിഫ്റ്റ് സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top