ന്യൂഡല്‍ഹി: പ്രീണന രാഷ്ട്രീയം കാരണമാണ് മുത്തലാഖ് പോലുള്ള ദുരാചാരങ്ങള്‍ ഇത്രയും കാലം സമൂഹത്തില്‍ നിലനില്ക്കാന് കാരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന്റെ ഗുണം മുസ്ലിംകള്ക്കാണ്, മറ്റു സമുദായങ്ങള്‍ക്കല്ല. ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന് സംഘടിപ്പിച്ച ‘മുത്തലാഖ് നിരോധനം: ഒരു ചരിത്രപരമായ തെറ്റുതിരുത്തല്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്ത് പ്രീണന രാഷ്ട്രീയത്തിന്റെ അവസാനം ആരംഭിക്കുകയായിരുന്നു. 2019ലെ ജനവിധി അതു പൂര്‍ണമായും അവസാനിപ്പിക്കുന്നതാണ്. അമിത് ഷാ പറഞ്ഞു. മുത്തലാഖ് നിരോധനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെ അമിത് ഷാ കടന്നാക്രമിച്ചു. നാണമില്ലാത്തതു കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള ദുരാചാരങ്ങളെ വീണ്ടും വീണ്ടും പിന്തുണയ്ക്കുന്നതെന്നു ഷാ പറഞ്ഞു.