Breaking News

കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍

തിരുവനന്തപുരം:കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവന്ന ദ്വിദിന സത്യാഗ്രഹ സമരം അവസാനിച്ചു. സമാപന സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് സമ്മേളനത്തില്‍ അദ്ദേഹം ഉറപ്പു നല്‍കി. 
കുത്തക കമ്പനികള്‍ വലിയതോതില്‍ കടന്നുകയറിയ മേഖലയാണിത്. ഒരു സര്‍ക്കാരിനും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സേവനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ ചില തീരുമാനങ്ങള്‍ കേബിള്‍ മേഖലയെ സാരമായിതന്നെ ബാധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഗുണകരമായ രീതിയില്‍ അത് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും പാലിക്കണമെന്ന് ഉറപ്പുള്ള സര്‍ക്കാര്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രശ്‌നങ്ങള്‍ കാണാതെ പോകില്ലെന്നും എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു. 


മുന്‍ എംഎല്‍എ പാലോട് രവി, ജയ്ഹിന്ദ് ചാനല്‍ എം.ഡി. ഷിജു തുടങ്ങിയവരും സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിച്ചു. കെഎസ്ഇബി പോസ്റ്റ് വാടക വര്‍ദ്ധിപ്പിക്കുന്നത് കിരാത നടപടിയാണെന്നും ഈ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും പാലോട് രവി ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റുകള്‍ ഓരോ മേഖലയായി പിടിച്ചടക്കുകയാണ്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സിഒഎ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.ആര്‍.സുധീര്‍ അധ്യക്ഷനായി. സിഒഎ ജില്ലാ പ്രസിഡന്റ് കമാല്‍കുട്ടി, സെക്രട്ടറി ജയകുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ നിസ്സാര്‍ കോയാപ്പറമ്പില്‍, സജീവ് കുമാര്‍, മന്‍സൂര്‍, സിബി പി.എ., അജിത് ദാസ്, ഗോപകുമാര്‍, എന്നിവര്‍ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top