ഗാന്ധിനഗര്‍: കുരുമുളക് പൊടിയെന്നു കരുതി മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവദമ്പതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനച്ചാലില് വട്ടക്കുന്നേല്‍ ജസ്റ്റിന് (22), ഭാര്യ ശാലിനി (22) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ രാത്രി മീന്‍ വറുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ കറന്റ് പോകുകയും മീന്‍ വറുത്തുകൊണ്ടിരുന്ന പാത്രത്തിലേക്ക് അറിയാതെ കുരുമുളകുപൊടിയാണെന്ന് കരുതി എലി വിഷം ചേര്‍ത്തു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്ന് അടുക്കളയില്‍ പോയി പരിശോധിച്ചപ്പോള്‍ എലിവിഷമാണെന്ന് മനസ്സിലായി.
ഉടന്‍ തന്നെ പാലാ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് ഏഴു മാസം പ്രായമായ കുട്ടിയുണ്ട്. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍ അറിയിച്ചു.