Health

മുരിങ്ങേടെ കൈയിൽ കലണ്ടറോ മഴമാപിനിയോ ഇല്ല!!! കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിനെ കുറിച്ച് ഡോ ഷിംന അസീസ്

ഇലക്കറികളില്‍ ഏറ്റവും പോഷക സമ്പുഷ്ടമാണ് വിറ്റാമിന്‍ എ, സി, ബി കോംപ്ലക്സ്, പ്രോട്ടീന്‍, അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിവയെല്ലാം ഒത്തുചേര്‍ന്ന മുരിങ്ങയില. എന്നാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കാമോയെന്നാണ് എല്ലാവരുടെയും സംശയം. മഴക്കാലത്ത് മുരിങ്ങയിലയില്‍ വിഷം ഉണ്ടാകുമെന്നും കഴിക്കരുതെന്നും പറഞ്ഞ് വാട്ട്‌സാപ്പിലൂടെയും മറ്റും സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റിദ്ധാരണയാണെന്ന് പറയുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡോ ഷിംന അസീസ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശ്രദ്ധിക്കൂ കുട്ടികളേ,

കർക്കിടകത്തിൽ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്‌സ്ആപ്പ് മെസേജ്‌ കിട്ടിയോ? കിണറിന്റടുത്ത്‌ മുരിങ്ങ വെക്കുന്നത്‌ കിണറ്റിലെ വിഷം വലിച്ചെടുക്കാനുള്ള ജാംബവാന്റെ കാലത്തെ കൊടൂര ടെക്‌നോളജി ആണെന്നറിഞ്ഞ്‌ നിങ്ങൾ ഞെട്ടിയോ? ഉണ്ടേലും ഇല്ലേലും ഇവിടെ കമോൺ.

ആദ്യത്തെ ചിത്രത്തിൽ ബൊക്കേ പോലെ പിടിച്ചിരിക്കുന്ന സാധനമാണ്‌ മുരിങ്ങയില അഥവാ Moringa oleifera ഇല. ഈ സാധനം ഒരു പാവം മരമാകുന്നു. എന്നാൽ കണക്ക്‌ വെച്ച്‌ നോക്കുമ്പോൾ ഇരുമ്പ്, പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്‌, ഫാറ്റ്‌, പൊട്ടാസ്യം, മഗ്‌നീഷ്യം, മാംഗനീസ്‌, നാരുകൾ തുടങ്ങി പോഷകങ്ങളുടെ ഒരു രക്ഷേമില്ലാത്ത കലവറയാണ്‌. ഇതിലൊന്നും വാട്ട്‌സ്ആപ് മെസേജിൽ ഉള്ള ‘സയനൈഡ്‌’ ഇല്ലല്ലോ എന്നാണോ ഓർത്തത്‌? അതില്ല, അത്ര തന്നെ.

ഇനി കർക്കിടകത്തിൽ മാത്രം വിഷമുണ്ടാകുമോ? സോറി, മുരിങ്ങേടെ കൈയിൽ കലണ്ടറോ മഴമാപിനിയോ ഇല്ല. കർക്കടകത്തിലെ മഴയാണോ പ്രളയമാണോ എന്നൊന്നും അതിന്‌ മനസ്സിലാകുകയുമില്ല.

അതിനാൽ തന്നെ, വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഉപ്പുമിട്ട്‌ മുരിങ്ങയില വഴറ്റി രണ്ട്‌ മുട്ടയും പൊട്ടിച്ചൊഴിച്ച്‌ ‘സ്‌ക്രാംബിൾഡ്‌ എഗ്ഗ്‌ വിത്ത്‌ മുരിങ്ങയില’ എന്ന ലോകോത്തര വിഭവം ടിഫിനിൽ പാക്ക്‌ ചെയ്‌ത്‌ മക്കളെ സ്‌കൂളിലേക്ക്‌ പറഞ്ഞ്‌ വിട്ടിട്ടുണ്ട്‌. എന്റെ പങ്ക്‌ നുമ്മടെ ചോറിന്റൊപ്പവുമുണ്ട്‌.

കൂടെ തേങ്ങയും വാളൻപുളിയും ചെറിയുള്ളിയും കറിവേപ്പും പച്ചമുളകും ഒരല്ലി വെളുത്തുള്ളിയും മുളക്‌പൊടീം ഒക്കെ ചേർത്തരച്ച ചമ്മന്തീം ഉണ്ട്‌. ഒരു വഴിക്ക്‌ പോണതല്ലേ, ഇരിക്കട്ടെ.

മഴ കൊണ്ട്‌ മുരിങ്ങക്ക്‌ തളിരൊക്കെ വരുന്ന കാലമാണ്‌. വാട്ട്‌സാപ്പിനോട്‌ പോവാമ്പ്ര, നിങ്ങൾ ധൈര്യായി കഴിക്കെന്ന്‌. ഇങ്ങനത്തെ മെസേജൊക്കെ പടച്ച്‌ അയക്കുന്നവർ ഓരോ മുരിങ്ങ തൈ വീതം നട്ട്‌ മനുഷ്യൻമാർക്ക്‌ ശരിക്കും ഉപകാരമുള്ള വല്ലതും കൂടി ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.

അപ്പോ എല്ലാർക്കും,
ഹാപ്പി മുരിങ്ങ ഈറ്റിങ്ങ്‌ ഡേ…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top